കോട്ടയം: സ്ഥാനമോഹികളുടെ അഞ്ചു വർഷത്തെ 'ഇൻവെസ്റ്റുമെൻ്റാ"ണ് 'ഇന്ററസ്റ്റ്" തരിപോലുമില്ലാതെ എത്തിയ കൊവിഡ് കയ്യാലപ്പുറത്താക്കിയത്. നവംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരം ഏൽക്കേണ്ടതാണ്. അങ്ങിനെയെങ്കിൽ സെപ്തംബർ ആദ്യത്തോടെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കണം. എന്നാൽ, കൊവിഡ് എല്ലാം തകിടം മറിച്ചു. അടുത്ത മാസം കൊവിഡ് തീവ്രമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ തീയതി പ്രഖ്യാപനം നീളുമെന്നാണ് ആശങ്ക.
കുപ്പായം തയ്പ്പിച്ച് ലോക്കൽ നേതാക്കൾ
പ്രാദേശിക നേതാക്കളുടെ ചാകരക്കാലമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പ്. ഓരോ വാർഡും കണ്ടു വച്ച് അഞ്ചു വർഷം മുൻപ് തന്നെ ' പണിയെടുത്തു' നടക്കുന്ന പ്രാദേശിക നേതാക്കളുമുണ്ട്. ഈ വാർഡുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച, സ്ഥാനാര്‍ത്ഥി മോഹികളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വനിതാ സംവരണമായിരുന്ന സീറ്റുകളിൽ കൈയിലെ കാശ് ആവശ്യത്തിലധികം ചെലവഴിച്ച ചില നേതാക്കളും ജില്ലയിലുണ്ട്. ഉറപ്പായ സീറ്റ് ഒപ്പിക്കാൻ നടക്കുന്ന ഇവർക്ക്, തിരഞ്ഞെടുപ്പു നീണ്ടു പോയാൽ വീണ്ടും ചെലവേറും.
അല്‍പ്പം വൈകിയാലും തിരഞ്ഞെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ഥി മോഹികളെല്ലാം ലൈവാണ്. കൊവിഡ് പ്രതിരോധവും വെളളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കു ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കലുമൊക്കെയായി ഇവർ കഠിനാദ്ധ്വാനത്തിലാണ്.
എപ്പോഴും റെഡി
എന്നാല്‍ മുന്നണികള്‍ എപ്പോള്‍ തിരഞ്ഞെടുപ്പു നടത്തിയാലും നേരിടാനുള്ള തയാറെടുപ്പിലാണ്. മൂന്നു മുന്നണികളും ബൂത്തുതല പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സെപ്തംബറില്‍ കോവിഡിന്റെ തീവ്രതയ്ക്കു കുറവു വരുമെന്നും സാധാരണ സമയത്തു തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നുമാണ് ജില്ലയിലെ മുന്നണി നേതൃത്വങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍, രോഗ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എത്ര പേര്‍ പോളിംഗ് ബൂത്തില്‍ വരും, വയോധികര്‍ക്കും മറ്റും ബദല്‍ സംവിധാനമൊരുക്കുമോ തുടങ്ങിയ നിരവധി ആശങ്കകള്‍ മുന്നണി നേതൃത്വത്തിനുണ്ട്.
സി.പി.എമ്മും ഇടതുമുന്നണിയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ സുസജ്‌ജമാണ്. എല്ലാ സ്ഥലങ്ങളിലും ബൂത്ത് തലത്തില്‍ സജീവ പ്രവര്‍ത്തനം നടക്കുകയാണ്.
വി.എൻ വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി
യു.ഡി.എഫും ബൂത്ത്തല പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം പരമാവധി മുതലെടുക്കാനാണ് ശ്രമിക്കുക.
ജോഷി ഫിലിപ്പ്, ഡി.സി.സി പ്രസിഡൻ്റ്
എല്ലാ പഞ്ചായത്തിലും മെമ്പര്‍മാരുണ്ടാകുകയും പരമാവധി പഞ്ചായത്തുകളില്‍ അധികാരം പിടിക്കുകയുമെന്ന ലക്ഷ്യത്തോടെ താഴേക്കിടയിൽ വരെ പ്രവർത്തനങ്ങൾ സജീവമാണ്.
നോബിൾ മാത്യു, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ്