election1

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ മണ്ഡലങ്ങളുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ കത്ത്. ഒരേ മണ്ഡലങ്ങൾ തന്നെ തുടർച്ചയായ വർഷങ്ങളിൽ സംവരണ മണ്ഡലമായി വരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. 2010 ലും 2015 ലും സംവരണ മണ്ഡലങ്ങൾ ആയിരുന്നവ കൂടി പരിഗണിച്ചായിരിക്കണം അടുത്ത തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കേണ്ടതെന്നു കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു ടേമിലും സംവരണ മണ്ഡലങ്ങൾ ആയിരുന്നവയുടെ പട്ടിക നൽകണമെന്നാണ് നിർദേശം. സ്ത്രീ സംവരണ വാർഡുകൾ, പട്ടിക ജാതി സംവരണ വാർ‌ഡുകൾ, പട്ടിക വർഗ സംവരണ വാർഡുകൾ എന്നിവ ഇനം തിരിച്ച് വേണം സമർപ്പിക്കാൻ.

പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുടർച്ചയായ വർഷങ്ങളിൽ പല വാർഡുകളും സംവരണ വിഭാഗത്തിൽ പെട്ടതായി കണ്ടെത്തിയിരുന്നു. അൻപത് ശതമാനത്തിനു മുകളിൽ സീറ്റുകൾ വനിതാ സംവരണമാണ്. പകുതി സീറ്റുകളിൽ പ്രസിഡൻ്റ് സ്ഥാനവും വനിതകൾക്കായി സംവരണം ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുരുഷന്മാർക്ക് അവസരം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.