മുന്നാർ: തോട്ടം തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമഗ്ര ഭവന പദ്ധതി നടപ്പിലാക്കണമെന്ന് ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. പെട്ടിമുടിയിലെ ദുരന്തമേഖല സന്ദർശിക്കുകയായിരുന്നു അദേഹം. വിദഗ്ധ സംഘത്തെ ഉപയോഗിച്ച് തോട്ടം മേഖലകളിലെ അപകടസ്ഥലങ്ങൾ കണ്ടെത്തണം. ഇത്തരം മേഖലകളിൽ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്കും സഹായങ്ങൾ നൽകണം. തേയില തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് നിലവിൽ 401 രൂപയാണ് ദിവസവേതനം. തൊഴിലാളികൾക്ക് മിനിമം വേതനം 700 ആക്കണമെന്നാണ് ആവശ്യം.മാനേജ്‌മെന്റുകൾ ഇതിനു തയ്യാറല്ല.പകരം ബാക്കി തുക സപ്പോർട്ട് വേതനമായി സർക്കാർ നൽകണം.സംസ്ഥാനത്ത് ഇത്തരത്തിൽ കയർ തൊഴിലാളികൾക്ക് 195 രുപാ സപ്പോർട്ട് വേതനമായി സർക്കാർ നൽകുന്നുണ്ട്. ഈ ചട്ടം തേയില തോട്ടം മേഖലയിലും നൽകാൻ നടപടി എടുക്കണം.നിലവിലുള്ള തോട്ടം മേഖലയിലെ ലയങ്ങൾ പൊളിച്ചുമാറ്റി കേന്ദ്ര സംസ്ഥാനസർക്കാരുകൾ തൊഴിലാളികൾക്ക് സുരക്ഷിത ഇടങ്ങളിൽ ഭവന സമുച്ചയങ്ങൾ പണിതു നൽകണം. തൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിനും കുട്ടികളുടെ വിദ്യഭ്യാസത്തിനുമുള്ള സംവിധാനങ്ങൾ ഒരുക്കണം.മുൻ എം.എൽ.എ.ഏ.കെ.മണി.ജി.മുനിയാണ്ടി, ജില്ലാ പഞ്ചായത്തംഗം എസ്.വിജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.