വാകത്താനം: വാകത്താനം പഞ്ചായത്തിലെ എല്ലാ വീടുകൾക്കും കുടിവെള്ളം എത്തിക്കുന്ന വാകത്താനം പദ്ധതിയ്ക്ക് അനുമതി. ജലജീവൻ മിഷനിൽപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത്. 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും, 10ശതമാനം ഗുണഭോക്തൃവിഹിതം ബാക്കി സംസ്ഥാന കേന്ദ്ര വിഹിതവും ചേർത്താണ് പദ്ധതി തയാറാക്കുന്നത് . ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിലൂടെയാണ് ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി തീരുമാനമായത്. ഇതിലൂടെ പഞ്ചായത്തിലെ 25.48 സ്‌ക്വയർ കിലോമീറ്റർ പ്രദേശത്ത് അധിവസിക്കുന്ന 8500 കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തുന്നത്. വാകത്താനം പഞ്ചായത്തിലെ പേരുക്കുന്നിലെ 13 ലക്ഷം ലിറ്റർ ശേഷിയുള്ള പ്രധാന സംഭരണിയിൽ എത്തിച്ച് ജെറുസലേം മൗണ്ട്, മുടിത്താനം, തട്ടും പുറത്ത് കുന്ന് എന്നിവടങ്ങളിലെ വിതരണ ടാങ്കുകളിലൂടെ പഞ്ചായത്തിലെ 20 വാർഡുകളിലെ മുഴുവൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. 81.10 കോടി രൂപയാണ് പദ്ധതിയ്ക്കായി ചിലവഴിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഗുണ ഭോക്താക്കളുടെ ലിസ്റ്റും തയാറാക്കുന്നുണ്ട്.