കോട്ടയം: ഒറ്റ ദിവസം കൊണ്ടു 19 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും നഗരസഭ പരിധിയിൽ രോഗഭീതി പിടിമുറുക്കുന്നു. ഏറ്റുമാനൂരിനു പിന്നാലെ കോട്ടയവും ക്ലസ്റ്ററിന്റെ തലത്തിലേയ്ക്ക് മാറുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കോട്ടയം നഗരസഭയിലും നഗരസഭയുടെ അതിർത്തി പങ്കിടുന്ന ഏറ്റുമാനൂർ നഗരസഭ, വിജയപുരം, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലായി ഇന്നലെ രോഗം സ്ഥിരീകരിച്ചത് 54 പേർക്ക്. കോട്ടയം നഗരസഭയിലെ കാരാപ്പുഴയിൽ മാത്രം ഏഴു പേർക്കു രോഗം സ്ഥിരീകരിച്ചു. എസ്.എച്ച്. മൗണ്ടിൽ നാലും മൂലവട്ടം, നാട്ടകം മേഖലകളിലായി അഞ്ചു പേരും രോഗബാധിതരായി. മൂലവട്ടം മേഖലയിൽ ഇതോടകം മുപ്പതിലേറെ പേരാണ് രോഗബാധിരായത്.ഇന്നലെ വ്യാപകമായി കോട്ടയത്ത് ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളുടെ ഫലം ഇന്നാണ് ഔദ്യോഗികമായി ലഭ്യമാകുക. ഇതോടെ രോഗബാധിതരുടെ എണ്ണം ഉയർന്നേക്കുമെന്ന ആശങ്കയുമുണ്ട്. ഏറ്റുമാനൂർ നഗരസഭയിൽ ഇന്നലെ 18 പേർക്ക് രോഗ സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ ഇരുന്നൂറു കടന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് കണ്ടു നിയന്ത്രണങ്ങൾ മാറ്റിത്തുടങ്ങിയതിനു പിന്നാലെയാണു ഒറ്റ ദിവസം 18 പേരിൽ രോഗം കണ്ടെത്തിയത്. ഏറ്റുമാനൂരിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. വിജയപുരം പഞ്ചായത്തിൽ ഒന്നാം വാർഡിലും പഞ്ചായത്തിനോട് ചേർന്നുള്ള വാർഡിലുമാണ് രോഗം നിയന്ത്രണാതീതമായി പടരുന്നത്. ഇന്നലെ ഏഴു പേർക്കു രോഗം സ്ഥിരീകരിച്ചു. നിലവിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് ഹോട്ട്‌സ്‌പോട്ടാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാൽപ്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ച അതിരമ്പുഴയിൽ ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇരുപതിലേറെ രോഗബാധിതരുള്ള ആർപ്പൂക്കരയിൽ ഇന്നലെ മുന്നു പേർക്ക് രോഗം കണ്ടെത്തി.