smoke

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ജഡം വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിച്ചാൽ ഉയരുന്ന പുക വഴി കൊവിഡ് പകരുമത്രേ! കോട്ടയത്തെ ചിലരുടെ കണ്ടുപിടിത്തത്തെ തുടർന്നുണ്ടായ പുകിലുകൾ അമ്പരപ്പിക്കുന്നതായിരുന്നു. ശ്‌മശാനത്തിന് സമീപത്തെ വീടുകളിലുള്ളവരാണ് സംസ്കാരം തടയാൻ ശ്രമിച്ചത്. സംഭവത്തിന് രാഷ്‌ട്രീയ മാനം കൈവന്നതോടെ ഫ്ളക്‌സ് - ഫേസ് ബുക്ക് പോസ്‌റ്റ് പോരിനും പൊരിഞ്ഞ കലഹത്തിനും വഴിമാറി.

സംസ്‌കാരം തടഞ്ഞതിനു പിന്നിൽ കോൺഗ്രസും ബി.ജെ പിയും കളിച്ചു എന്നാരോപിച്ച് ഇടതു മുന്നണി സംഭവം രാഷ്ടീയ വിവാദവുമാക്കി. എന്തായാലും സംഭവം കത്തിയതോടെ മറ്റൊരു കൊവിഡ് മരണത്തിൽ മൃതദേഹം വീട്ടിൽ അടക്കാൻ സമ്മതപത്രം ഒപ്പിട്ട് നൽകി
നാട്ടുകാർ മാതൃകയായി.

കോൺഗ്രസ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും വാർഡ് കൗൺസിലർ ബി.ജെപിയിലെ ഹരികുമാറുമായിരുന്നു സംഭവത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. നാട്ടുകാരുടെ പ്രതിഷേധത്തിനൊപ്പം നിന്ന ഇരുവരും കൊവിഡ് വന്ന് മരിച്ചയാളുടെ മൃതദേഹത്തെ അപമാനിച്ചെന്നായിരുന്നു ഇടതു പ്രചാരണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ എം.എൽഎയെയും കൗൺസിലറെയും അറിയിക്കാതെ നട്ടപ്പാതിരയ്‌ക്ക് വൻ പൊലീസ് സന്നാഹത്തോടെ കൊവിഡ് ബാധിതന്റെ ജഡം ദഹിപ്പിക്കുകയായിരുന്നു.

ശവദാഹത്തെ ന്യായീകരിച്ചും എതിർത്തും കോൺഗ്രസും ഇടതുമുന്നണിയും വാർത്താസമ്മേളനങ്ങൾ നടത്തി . ഇടതുമുന്നണി വിവാദം ഫ്ലക്സ് യുദ്ധമായി പരിണമിച്ചു. എം.എൽഎയും കൗൺസിലറും കൊവിഡ് വന്ന് മരിച്ചയാളുടെ മൃതദേഹത്തെ അപമാനിച്ചു എന്നാരോപിച്ച് തിരുവഞ്ചൂരിന്റെയും ഹരികുമാറിന്റെയും പടം വച്ചുള്ള ഫ്ലക്സ് ഇടതുമുന്നണി പ്രവർത്തകർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചു.

' മൃതദേഹത്തെ അപമാനിച്ച ഇവർ ജനപ്രതിനിധികളോ !... സർക്കാർ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് ബി.ജെ.പിയും കോൺഗ്രസും കൂടി തടഞ്ഞത് എന്തിന് ?.നാളെ നമ്മളിലാരെങ്കിലും മരിച്ചാൽ ...സംസ്കരിക്കാൻ ഇവർ സമ്മതിക്കുമോ ? കോട്ടയം മാത്രമല്ല കേരളമാകെ മറുപടിക്കായി കാതോർക്കുന്നു എന്നായിരുന്നു ഇടതു മുന്നണി സ്‌ഥാപിച്ച ഫ്ളക്‌സുകളിലെ വാചകം. തിരുവഞ്ചൂർ, ഹരികുമാർ എന്നിവരുടെ ഫോട്ടോയും ചേർന്നതോടെ സമ്പന്നമായി ഫ്ളക്‌സുകൾ! ഇതിന് ബദലായി മണർകാട്ട് ചീട്ടുകളി സംഘത്തെ പൊലീസ് പിടിച്ചിട്ടും പ്രതിയെ രക്ഷിക്കാൻ സി.പി.എം നേതാവ് ശ്രമിച്ചെന്നാരോപിച്ച് തുറുപ്പ് ഗുലാൻ ആരെന്ന ചോദ്യവുമായി കോൺഗ്രസും ഫ്ലക്സ് വെച്ചു. പൊതുസ്ഥലങ്ങളിൽ ഫ്ലക്സ് വയ്ക്കുന്നത് കോടതി നിരോധിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് കൊവിഡ് ശവമടക്കും മണർക്കാട്ട് ഉന്നത രാഷ്ട്രീയ, പൊലീസ് ബന്ധമുള്ള ചീട്ടുകളിയും വിഷയമാക്കിയ ഫ്ലക്സുകൾ നിരത്തി ഇരുവിഭാഗവും പോരാട്ടം തുടങ്ങിയത്. ഇതിനിടയിലാണ് രണ്ടാം കൊവിഡ് മരണം സി.പി.എം ഏറ്റെടുത്ത് മറ്റൊരു പ്രചാരണമാക്കിയത്. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനും അഭയം ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് ജനവാസമേഖലയായ കോളനിയിൽ മറ്റൊരു കൊവിഡ് ബാധിതന്റെ ജഡം സംസ്കരിച്ചു. അയ്മനത്ത് യുവാവിന്റെ മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശവം കാണാൻ വീട്ടിലെത്തിയവരടക്കം വിരണ്ടു . സംസ്കാരത്തിന് മുമ്പ് പ്രദേശവാസികളെ വിവരങ്ങൾ ധരിപ്പിക്കാൻ സി.പി.എമ്മും അഭയം ചാരിറ്റബിൾ സൊസൈറ്റിയും രംഗത്തെത്തി . വീടു കയറിയിറങ്ങി ബോധവത്ക്കരണം നടത്തിയതോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോളനിയിലെ ഇത്തിരി സ്ഥലത്തു മൃതദേഹം ദഹിപ്പിക്കാൻ നാട്ടുകാർ സമ്മതിച്ചു.

കൊവിഡ് ബാധിതന്റെ ശവസംസ്കാരം അയ്മനം മാതൃകയാക്കിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ എഫ്.ബി പോസ്റ്റുമിറങ്ങി . അയ്മനത്തെ സാധാരണ ജനങ്ങൾ കാട്ടിയ സേവന സന്നദ്ധതയും ഉന്നതമായ സാമൂഹിക ബോധവും ആ ജനപ്രതിനിധികളുടെ കണ്ണു തുറപ്പിക്കും എന്ന് പ്രത്യാശിക്കുന്നതായും വാസവൻ എഫ്ബി പോസ്റ്റിൽ കുറിച്ചു.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ശവസംസ്കാരം പ്രചരണ വിഷയമായേക്കുമെന്ന് ഉറപ്പായി