കോട്ടയം: ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐയ്ക്കും ജില്ലാ കളക്‌ടറുടെ ഓഫീസിലെ ഒരു വനിതാ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈസ്റ്റ് സ്റ്റേഷനിലെ വൈക്കം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും പാമ്പാടി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ 19 ാം വാർഡ് ഉൾപ്പെടുന്ന മുട്ടമ്പലം പ്രദേശം കണ്ടെയ്‌ൻമെന്റ് സോണിലാണ്. നിലവിൽ പതിനാലോളം ഉദ്യോഗസ്ഥർ ഈസ്റ്റ് സ്റ്റേഷനിൽ നിന്നു മാത്രം ക്വാറന്റൈനിൽ പോകേണ്ടി വന്നിട്ടുണ്ട്. വനിതാ എസ്.ഐയ്‌ക്കു കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷൻ വീണ്ടും അണുവിമുക്തമാക്കി.
കൊവിഡ് സ്ഥിരീകരിച്ച കളക്‌ടറേറ്റ് ജീവനക്കാരി റവന്യു വിഭാഗത്തിലാണെങ്കിലും ഇവർ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ആരും തന്നെ ക്വാറന്റൈനിൽ പോകേണ്ടി വരില്ല. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഇവർക്കു കൊവിഡ് സ്ഥിരീകരിച്ചത്.