veg

കോട്ടയം : ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീടുകളിൽ എത്തിക്കുന്നതിന് കൃഷി വകുപ്പ് ആരംഭിച്ച 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയും കൊണ്ട് പ്രളയം പോയി. തമിഴ്നാട്ടിൽ നിന്ന് കീടനാശിനി തളിച്ച് കൊണ്ടുവരുന്ന പച്ചക്കറി ഇക്കുറിയും മലയാളികൾ ഓണത്തിന് കഴിക്കേണ്ടി വരും .

ഓണമടുക്കുന്നതോടെ കുലവെട്ടാൻ പാകത്തിൽ പത്ത് ഏത്തവാഴ വിത്തും രണ്ട് ചാക്ക് ജൈവവളവും ചില കൃഷിഭവനുകൾ വഴി മാസങ്ങൾക്കു മുമ്പ് വിതരണം ചെയ്തിരുന്നു. ഏത്തക്കായ വെട്ടാൻ പാകത്തിൽ എത്തിയ സമയത്ത് വന്ന തോരാമഴയും പ്രളയവും കാരണം ചുവട്ടിൽ വെള്ളം കെട്ടി നിന്ന് കുലച്ച വാഴകളുടെ തണ്ട് ചീഞ്ഞഴുകി. വെള്ളം കയറാത്ത പറമ്പിൽ നിന്നവ കാറ്റിനെ അതിജീവിക്കാനാവാതെ ഒടിഞ്ഞു വീണു. രണ്ടാഴ്ച കൂടി ലഭിച്ചിരുന്നെങ്കിൽ വാഴകൾ വിളവെടുപ്പ് പാകത്തിൽ എത്തിയേനേ.

ചുങ്കം പഴയസെമിനാരിയിൽ റബർതൈകൾക്ക് ഇടവിളയായി നൂറ് കണക്കിന് ഏത്തവാഴകൾ വച്ചിരുന്നു. മീനച്ചിലാർ കരകവിഞ്ഞ് എത്തിയ മലവെള്ളം പാതി മൂപ്പെത്തും മുമ്പേ മുഴുവൻ ഏത്തവാഴകളും നശിപ്പിച്ചു. ഓണത്തിന് വെട്ടാൻ പാകത്തിൽ വളർന്നു നിന്ന വാഴത്തോട്ടം കണ്ണു നനയിക്കുന്ന കാഴ്ചയാണിപ്പോൾ .

ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് വിത്തും വളവും നൽകിയിരുന്നു. വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തരിശു കിടന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കിയായിരുന്നു പച്ചക്കറി വിത്തു നട്ടത് . വെള്ളക്കെട്ടിൽ ഇതുനശിച്ചു. ഇതോടെ ഒാണത്തിന് വിഷരഹിത പച്ചക്കറി കഴിക്കാമെന്നത് സ്വപ്നമായി.

നശിച്ചത് 6411 ഹെക്ടറിലെ

74.79 കോടി രൂപയുടെ കൃഷി

പ്രകൃതി ക്ഷോഭത്തിൽ ജില്ലയിൽ ആഗസ്റ്റ് 11 വരെ 6411 ഹെക്ടറിലെ 74.79 കോടി രൂപയുടെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലിയിരുത്തൽ . 14,308 കർഷകരുടെ വിവിധയിനം കൃഷികൾ വെള്ളത്തിലായി. 2849 ഹെക്ടറിലെ നെൽ കൃഷി നശിച്ച വകയിൽ 42 .73 കോടി രൂപയൂടെ നഷ്ടമാണ് നേരിട്ടത്. 10918 ഹെക്ടറിൽ കപ്പയും 2.75 ലക്ഷം കുലച്ചതും കുലയ്ക്കാത്തതുമായ വാഴകളും 127 ഹെക്ടർ പച്ചക്കറികളും പത്ത് ഹെക്ടറിലെ ഇഞ്ചിയും തൈകൾ ഉൾപ്പെടെ 2171 തെങ്ങുകളും നശിച്ചു.

സലോമി തോമസ് , ജില്ലാ കൃഷി ഓഫീസർ