വൈക്കം : 74-ാം സ്വാതന്ത്റ്യ ദിനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവിസ്മരണീയമാക്കി ഉദയംപേരൂർ എസ്. എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ. പ്രിൻസിപ്പൾ ഇ.ജി.ബാബു സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയതോടെ 64 ഡിവഷനുകളിലെയും കുട്ടികൾ ആഘോഷങ്ങളാരംഭിച്ചു. ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ അതാത് ക്ലാസ് ടീച്ചർമാർ ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുത്തു. ഓരോ ക്ലാസുകളിലും പരിപാടികൾ ഉദ്ഘാടനം ചെയ്യാനും സ്വാതന്ത്റ്യ ദിന സന്ദേശങ്ങൾ നൽകുന്നതിനും നിരവധി സാമൂഹിക സാംസ്‌കാരിക പ്രമുഖർ പങ്കെടുത്തു. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായിരുന്ന കെ.എസ്.രാധാകൃഷണൻ, യു.എൻ മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ ,എം.സ്വരാജ് എം.എൽ.എ ,വി.പി .സജീന്ദ്രൻ എം.എൽ.എ , ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല, സാഹിത്യകാരൻ ടി.വി.ഹരികുമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലെ 120 ലധികം പേർ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തത്സമയം കുട്ടികളുടെ ആഘോഷങ്ങളിൽ പങ്കുചേർന്നു.പ്രിൻസിപ്പൾ , പ്രധാനാദ്ധ്യാപിക എൻ.സി.ബീന, എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് എൽ.സന്തോഷ് , സെക്രട്ടറി ഡി.ജിനു രാജ് , പി ടി.എ പ്രസിഡന്റ് ശ്രീജിത്ത് ആർ നായർ എന്നിവർ നേതൃത്വം നൽകി.