punnala-sreekumar
പെട്ടിമുടി ദുരന്ത മേഖല സന്ദർശിച്ച കെ.പി.എ.സ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നാട്ടുകാരുമായി സംസാരിക്കുന്നു

മൂന്നാർ : രാജമല ദുരന്തംവിവേചനപരമായ സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് കെ പി എം എസ്ജനറൽ സെക്രെട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ഭൂമി സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ അടിയന്തിര സഹായമാണെന്നും നഷ്ടം കണക്കാക്കി റിപ്പോർട്ടു ലഭിച്ചാലുടൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ദുരന്തമേഖലയിലേക്ക് വൈകിയെത്തിയ മുഖ്യമന്ത്രി കൂടുതലൊന്നും നൽകില്ലെന്നു പ്രഖ്യാപിക്കാനാണ് ശ്രമിച്ചത്. കവളപ്പാറ പ്രളയ ദുരിതാശ്വാസ നിധിയെക്കാൾ ഒരു ലക്ഷം രൂപ കൂടുതലാണെന്ന വാദം പാവപ്പെട്ടവന്റെ ജീവന് സർക്കാർ കൽപ്പിക്കുന്ന വിലയാണ് വെളിപ്പെടുത്തുന്നത്. കണ്ണൻ ദേവൻ കമ്പനിയുടെ സഹായവും പ്രതീക്ഷിക്കുന്നതായി വിലയിരുത്തിയ മുഖ്യമന്ത്രി, കരിപ്പൂർ വിമാനാപകടത്തിൽ എയർ ഇന്ത്യയുടെയും, ഇൻഷ്വറൻസ് കമ്പിനികളുടെയും സഹായം വിസ്മരിച്ചതെന്താണെന്നു കൂടി വ്യക്തമാക്കണം. പ്രഖ്യാപിക്കപ്പെട്ട ഭവന നിർമ്മാണ പദ്ധതിയിലുൾപ്പെടെ സന്നദ്ധ സംഘടനകളുടെ സഹായം തേടിയ സർക്കാർ ദുരന്തത്തിലകപ്പെട്ട മനുഷ്യരോടുള്ളപ്രതിബദ്ധതയും പിന്തുണയും എന്താണെന്ന് ബോദ്ധ്യപ്പെടുത്തണം. തോട്ടം മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും, ചൂഷണങ്ങൾക്കുമെതിരെ സമീപകാലത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങൾ നമുക്ക് മുമ്പിലുണ്ട്. ദുരന്തമുഖങ്ങളിലെ താൽക്കാലിക ആശ്വാസത്തിനപ്പുറം ദീർഘവീക്ഷണത്തോടു കൂടിയുള്ള ശക്തവും ഫലപ്രദവുമായ നടപടികളാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെ പി എം എസ് നേതാക്കളായ അഡ്വ.എ സനീഷ് കുമാർ, കെ കെ രാജൻ, ശിവൻ കോഴിക്കമാലി, സാബു കൃഷ്ണൻ, പി രാജേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.