hans

ചങ്ങനാശേരി: 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി ഫാത്തിമാപുരം കിഴക്കേകൂട്ടിൽ സംജാദ് (33), തൃക്കൊടിത്താനം ആരമലക്കുന്ന് കൊച്ചുപറമ്പിൽ വീട്ടിൽ അസറുദ്ദീൻ ഷാ (34) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. സംജാദിന്റെ വീടിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിലായിരുന്നു ഉത്പ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങൾ നിന്ന് ചാക്ക്‌കെട്ട് ഇറക്കുന്നത് കണ്ട് പ്രദേശവാസികൾ സംശയം ഉന്നയിച്ചെങ്കിലും സീലിംഗ് ജോലിക്കുള്ള സാധനങ്ങളാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. വൻതോതിൽ ഉത്പ്പന്നങ്ങൾ സൂക്ഷിച്ചു ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും വിദ്യാർത്ഥികൾക്കും ആണ് ഇവർ കൂടിയ വിലയ്ക്ക് വിറ്റിരുന്നത്. ചങ്ങനാശേരി എസ്.എച്ച്.ഒ പ്രശാന്ത് കുമാർ എസ്.ഐ ഷമീർഖാൻ, വനിത എസ്.ഐ മേരി സുപ്രഭ, എ.എസ്.ഐ അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.