clean

കോട്ടയം : 50 കോടിയോളം രൂപ ചെലവഴിച്ച് ജില്ലയെ സമ്പൂർണ്ണ മാലിന്യ രഹിതമാക്കുന്നതിന് ലക്ഷ്യം വച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്ലീൻ കോട്ടയം–ഗ്രീൻ കോട്ടയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു.

കംപോസ്റ്റ് പിറ്റ്, സോക് പിറ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഓരോ വീടിനും അനുയോജ്യമായത് നിർണയിച്ച് നിർമ്മിച്ച് നൽകുകയോ, വിതരണം ചെയ്യകയോ ആണ് പദ്ധതിയുടെ പ്രധാനതലം, ഹരിത കർമ്മ സേനയുടെ പ്രവർത്തനം ജില്ലയൊട്ടാകെ വ്യാപിപ്പിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിച്ച് റീ സൈക്ലിംഗ് സാദ്ധ്യമാക്കുക. കോഴിക്കടകൾ, ഇറച്ചിക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മാംസ അവശിഷ്ടങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുക, പൊതു ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും പുതിയ ശൗചാലയ സമുച്ചയനിർമ്മാണവും നടത്തുക, 25 വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലീൻ ക്ലബ്ബും, 4 ക്ലീൻ ക്ലബ്ബുകൾ ഉൾപ്പെടുന്ന 100 വീടുകളുടെ ഒരു സോണും രൂപീകരിച്ച് ജനങ്ങളെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ ബോധവാൻമാരാക്കുക, ക്ലീൻ ക്ലബ്ബുകളുടെയും സോണുകളുടെയും നേതൃത്വത്തിൽ പൊതു നിരത്തുകളും നീർച്ചാലുകളും ജലാശയങ്ങളും മാലിന്യ രഹിതമായി സംരക്ഷിക്കുന്നതിനുളള ജനകീയ സമിതികൾ സജ്ജമാക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുളള പ്രവർത്തനങ്ങളാണ്.

അയർക്കുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ മാലിന്യ നിർമ്മാർജന ഉപാധികളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, പളളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ടി.ശശീന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.