കോട്ടയം: ലൈഫ് മിഷനില്‍ ഭവന നിര്‍മാണ സഹായത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി 27 വരെ നീട്ടി. കുടുംബശ്രീ 2017 ല്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും അതിനുശേഷം മാനദണ്ഡ പ്രകാരം അര്‍ഹരായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഓണ്‍ലൈനായി നല്‍കാം. ഭൂരഹിത, ഭവനരഹിതരില്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായാണ് പരിഗണിക്കുക. 2020 ജൂലായ് ഒന്നിന് മുന്‍പ് റേഷന്‍ കാര്‍ഡുള്ള കുടുംബമായിരിക്കണം. കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്കുപോലും സ്വന്തമായി വീട് ഉണ്ടായിരിക്കരുത്. പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഈ മാനദണ്ഡം ബാധകമല്ല. ജീര്‍ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ കഴിയാത്തതുമായ വീടുകള്‍ ഉള്ളവരെയും പരിഗണിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവരും ഇത്തരം സ്ഥാപനങ്ങളില്‍നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരും അര്‍ഹരല്ല. വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പഞ്ചായത്തുകളില്‍ 25 സെന്‍റില്‍ അധികമോ മുന്‍സിപ്പാലിറ്റികളില്‍ അഞ്ചു സെന്‍റില്‍ അധികമോ ഭൂമി സ്വന്തമായുള്ള പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഒഴികെയുള്ളവരും ഉപജീവനത്തൊഴിലിനായല്ലാതെ സ്വന്തമായി നാല് ചക്രവാഹനങ്ങള്‍ ഉള്ളവരും അര്‍ഹരല്ല. വിശദ വിവരങ്ങള്‍ www.life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.