ഇടുക്കി : മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അനുമതി ലഭിച്ചതോടെ ജില്ലയിലെ കൊവിഡ് പരിശോധന ലാബ് പ്രവർത്തനാരംഭിച്ചു. ഇന്നലെ 16 പേരുടെ സ്രവങ്ങളാണ് പരിശോധനയ്‌ക്കെടുത്തത്. ഇനി മുതൽ ഇവിടെ പ്രതിദിനം നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും. ഒരു സമയത്ത് 96 സാമ്പിൾ പരിശോധിയ്ക്കാൻ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്സ്ട്രാക്ഷൻ ആർ.എൻ.എ സിസ്റ്റം ലഭിച്ചാൽ ജില്ലയിലെ മുഴുവൻ സ്രവ പരിശോധനയും ഇവിടെ നടത്താൻ സാധിക്കും. നിലവിൽ കോട്ടയം തലപ്പാടിയിലാണ് പരിശോധനകൾ നടത്തിയിരുന്നത്. ഇക്കാരണത്താൽ പരിശോധന ഫലം വൈകിയിരുന്നു. ലാബിന്റെ അപര്യാപതത വിഷയം മന്ത്രി എം.എം മണി മുൻകൈയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ഷൈലജയെയും ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയിൽ ജില്ലയിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചത്. ഭാവിയിൽ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും.