കോട്ടയം: ഈ മാസം 24 ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും,അന്ന് നിയമസഭയിൽ ഇടതു സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിലും നിന്ന് വിട്ടുനിൽക്കാൻ ഇന്നലെ ചേർന്ന കേരളാ കോൺഗ്രസ് -എം ജോസ് വിഭാഗം ഉന്നതാധികാര സമിതി തീരുമാനിച്ചു. വിപ്പ് തർക്കം ഇതോടെ ആന്റിക്ലൈമാക്സിലെത്തി. .
സഭയിൽ പാർട്ടി ചീഫ് വിപ്പ് റോഷി അഗസ്റ്റിനാണെന്നും, ജോസഫ് വിഭാഗം അതംഗീകരിക്കേണ്ടി വരുമെന്നും യോഗത്തിന് ശേഷം ജോസ്.കെ മാണി പറഞ്ഞു. നിയമസഭയ്കകത്തും പുറത്തും സ്വതന്ത്ര നിലപാടെടുക്കാനാണ് തീരുമാനം. കെ എം മാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചത്. മാണിയുടെ മരണ ശേഷം മോൻസ് ജോസഫിനെ വിപ്പായി തീരുമാനിച്ചുവെന്ന് ജോസഫ് പറയുന്നതിനെക്കുറിച്ചറിയില്ല. . നിയമസഭാ രേഖകളിൽ റോഷി അഗസ്റ്റിനാണ് ചീഫ് വിപ്പ്. പാർട്ടി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ചെയർമാൻ തർക്കക്കേസിലും തീരുമാനമാകാത്തതിനാൽ പി.ജെ.ജോസഫിന്റെ വിപ്പിന് പ്രസക്തിയില്ലെന്ന് ജോസ് പറഞ്ഞു.
അതേ സമയം,ഭൂരിപക്ഷം എം.എൽഎമാർ തിരഞ്ഞെടുത്ത പാർട്ടി വിപ്പ് മോൻസ് ജോസഫാണാണെന്ന് പി.ജെ.ജോസഫ് പറഞ്ഞു. മോൻസ് നൽകുന്ന വിപ്പ് പാലിക്കാത്ത എം.എൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കും. നിയമസഭയിൽ നിന്ന് വിട്ടുനിൽക്കുന്നതും വിപ്പ് ലംഘനമാവുമെന്നും .ജോസഫ് പറഞ്ഞു.
രണ്ട് കൂട്ടരും വിപ്പ് നൽകും
വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കണമെന്ന നിർദ്ദേശമടങ്ങുന്ന വിപ്പ് റോഷി അഗസ്റ്റിൻ ജോസഫ് പക്ഷത്തിനും, യു.ഡി.എഫ് സ്ഥാനാർഥിക്കു വോട്ടു ചെയ്യണമെന്ന ബദൽ വിപ്പ് മോൻസ് ജോസഫ് ജോസ് വിഭാഗത്തിനും നൽകും .മോൻസിനെ വിപ്പായി തിരഞ്ഞെടുത്തത് നിയമസഭാ രേഖകളിൽ ഇല്ലാത്തതിനാൽ വിപ്പ് ലംഘനപ്രശ്നത്തിൽ അന്തിമ തീരുമാനം സ്പീക്കറുടേതായിരിക്കും.. . അധികാര തർക്കത്തിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ തീരുമാനവും നിർണായകമാവും.