കോട്ടയം: ജില്ലയിലെ 122 കെട്ടിടങ്ങൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയ്‌ക്ക് പിന്നാലെയാണ് ജില്ലയിലെ കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ചു പരിശോധിച്ചത്. ജില്ലയിലെ അൻപതിലേറെ ബഹുനില കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലയിൽ രണ്ടു നിലയിൽ കൂടുതലള്ള 12000 ത്തിലേറെ കെട്ടിടങ്ങളാണുള്ളത്. ഇതിൽ പലതിനും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് രണ്ടു വർഷം മുൻപു തന്നെ അഗ്നിരക്ഷാ സേന നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഈ നോട്ടീസ് പ്രകാരമുള്ള നടപടികൾ പല കെട്ടിടങ്ങളിലും പ്രാവർത്തികമാക്കിയിട്ടില്ല.
പ്രതിക്കൂട്ടിൽ നഗരസഭകളും
അഗ്നിരക്ഷാ സേനയും
ബഹു നില കെട്ടിടങ്ങൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ മാത്രമേ ലൈസൻസ് നൽകാവൂ എന്നാണ് ചട്ടം. അനധികൃതമായി ലൈസൻസ് വാങ്ങിയാൽ തന്നെ അത് റദ്ദ് ചെയ്യാൻ സാധിക്കും. എന്നാൽ, ഈ ചട്ടങ്ങൾ ലംഘിച്ചതായി രണ്ടുവർഷം മുൻപ് കണ്ടെത്തിയിട്ടും നോട്ടീസ് നൽകിയതല്ലാതെ നിയമ നടപടിയെടുക്കാൻ അഗ്നി രക്ഷാ സേന തയ്യാറായിട്ടില്ല.
മുന്നിൽ കോട്ടയം നഗരം
കാലപ്പഴക്കം മൂലം അപകടവാസ്ഥയിലായ കെട്ടിടങ്ങൾ ഏറെയും കോട്ടയം നഗരസഭാ പരിധിയിലാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ബഹുനില കെട്ടിടങ്ങളും അപകട സാദ്ധ്യതയുള്ളവയുടെ പട്ടികയിലുണ്ട്. ഇത് കൂടാതെയാണ് സ്വകാര്യ വ്യക്തികളുടെ നിരവധി ബഹുനിലമന്ദിരങ്ങൾ.
ചട്ടം ലംഘിച്ചത്
ആശുപത്രികൾ 2
ഫ്ളാറ്റുകൾ 10
മറ്റ് കെട്ടിടങ്ങൾ 110
അപകടാവസ്ഥയിലുള്ളവ 50
മൂന്നു നിലയ്‌ക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ
നാലുവശത്തും അഗ്നിരക്ഷാ വാഹന സൗകര്യം കടക്കാനുള്ള വഴി
തീ കെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാകണം.
എല്ലാ നിലയിലും വെള്ളം കിട്ടുന്ന വാട്ടർപൈപ്പ് കണക്ഷൻ വേണം
എല്ലാ നിലകളിലും രക്ഷപ്പെടാൻ എമർജൻസി വാതിലുകൾ വേണം