munnar

കോട്ടയം: മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനായുള്ള നിയമസഭാ സമിതി മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ മൂന്നര വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. മൂന്നാറിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ 19 ക്രിയാത്മക നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. പെട്ടിമുടി ദുരന്ത സാഹചര്യത്തിൽ റിപ്പോർട്ട് പ്രസക്തമാവുകയാണ്. 2017 മാർച്ച് 13നാണ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്.ആറുമാസത്തിനകം നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശം .

പ്രധാന ശുപാർശകൾ

 മൂന്നാറിനായി പരിസ്ഥിതി പരിപാലന വികസന അതോറിട്ടി രൂപീകരിക്കണം.

 അതു വരെ എല്ലാവിധ കെട്ടിട നിർമ്മാണങ്ങളും നിറുത്തി വയ്ക്കണം

 അതോറിട്ടിയിൽ പരിസ്ഥിതി,കാലാവസ്ഥാ വിദഗ്ദ്ധരെയും അംഗങ്ങളാക്കണം.

 അതോറിട്ടി നിലവിൽ വന്ന് ഒരു മാസത്തിനുള്ളിൽ ചട്ടങ്ങൾ പുറപ്പെടുവിക്കണം.

 മൂന്നാറിനെ സോണുകളായി തിരിച്ച് കെട്ടിട നിർമ്മാണ ചട്ടങ്ങൾ നടപ്പാക്കണം.

 പട്ടയ ഭൂമി ഗാർഹിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിച്ചെങ്കിൽ റദ്ദ് ചെയ്യണം.

 അനുവദനീയമല്ലാത്ത ഉയരമുള്ള വാണീജ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കരുത്

 അപകടകരമായേക്കാവുന്ന ഗാർഹികേതര നിർമാണ അനുമതി നൽകരുത്.

 മൂന്നാറിന് മാത്രമായി പരിസ്ഥിതി പരിപാലന നയം രൂപീകരിക്കണം.

 കാർഷിക പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാൻ മൂന്നാർ മാതൃക നടപ്പാക്കണം.

 നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സമഗ്രപഠനം ദേശീയ സ്ഥാപനം വഴി നടത്തണം.

 വിനോദ സഞ്ചാര മേഖലയിലെ പ്രവർത്തനവും പരിസ്ഥിതി സൗഹൃദ പ്രോട്ടോക്കോൾ പ്രകാരമാകണം.

 പരിസ്ഥിതി നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണം

നിയമസഭാ സമിതി നൽകിയ ശുപാർശകൾ പൂർണമായും നടപ്പാക്കിയിരുന്നെങ്കിൽ മൂന്നാറിൽ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു.

മുല്ലക്കര രത്നാകരൻ എം.എൽ.എ (നിയമസഭാ സമിതി അദ്ധ്യക്ഷൻ)

നിയമസഭാ റിപ്പോർട്ടിന്റെ ഗതിയാണ് എല്ലാ റിപ്പോർട്ടുകൾക്കുമുള്ളത് . നിയമത്തെ ബഹുമാനിക്കുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും പൗരസമൂഹവുമാണ് ആദ്യം വേണ്ടത്.

ജോൺ പെരുവന്താനം (പരിസ്ഥിതി പ്രവർത്തകൻ )