പാലാ : വലവൂർക്കുള്ള വഴിയേ പോകുമ്പോൾ വല്ലാത്തൊരു ശ്രദ്ധ വേണേ.... വഴി വളവിൽ വാ പിളർന്ന് ആളെക്കൊല്ലി കുഴികളുണ്ട്. ഒരു അപകടമുണ്ടായിട്ട് വേണം കുഴിയൊന്നു മൂടാൻ എന്ന മട്ടിൽ അധികൃതർ ഇങ്ങനെ കാത്തിരിക്കുകയാണ്.! ഇതിനോടകം ഇരുചക്രവാഹന യാത്രികരിൽ ചിലർ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടു. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു.
പാലായിൽ നിന്ന് വലവൂർ വഴി ഉഴവൂരേക്ക് നീളുന്ന റൂട്ടിൽ നിത്യേന നൂറു കണക്കിനു വാഹനങ്ങളാണ് ഓടുന്നത്. പാലാ മുതൽ വലവൂർ വരെയുള്ള ഭാഗത്ത് പലയിടത്തും റോഡിൽ കുഴികളുണ്ട്. കരുണാലയം ഭാഗത്തുള്ള വലിയ കുഴി അപകടക്കെണിയാണ്. വഴി പരിചയമില്ലാത്ത ഡ്രൈവർമാർക്ക് അടുത്തെത്തുമ്പോൾ മാത്രമേ ഇത് കാണാനാകൂ. ഇതോടെ കുഴിയിൽ ചാടാതെയിരിക്കാൻ വാഹനങ്ങൾ റോഡിന് നടുവിലേക്ക് വെട്ടിക്കും. ഇതോടെ എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കും.

മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുന്നതും അപകടത്തിന് കാരണമാകുന്നു. കുഴിയുടെ ആഴം അറിയാതെ ഇതിലേക്കിറങ്ങുന്ന ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ടതിലേറെയും. ഇത്തരം വലവൂർ വഴി പോലെ അപകടക്കുഴികളിൽ ബൈക്കുകളും മറ്റും വീണ് സമീപകാലത്ത് ജില്ലയിൽ മൂന്നു മരണം സംഭവിച്ചിട്ടും കുഴികൾ നികത്താൻ അധികൃതർ തയ്യാറാകുന്നില്ല.

പരാതി നൽകി
വലവൂർ റോഡിലെ അപകടക്കുഴികൾ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പി.ഡബ്ലൂ.ഡി എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകി. പല തവണ ഫോണിൽ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടും തകരാർ പരിഹരിക്കാത്തതിനാൽ കുഴികളുടെ ആഴം അനുദിനം വർദ്ധിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.