കോട്ടയം: കാർ വിൽപനയ്‌ക്കുണ്ടെന്ന പരസ്യം കണ്ട് എത്തിയ കുടുംബത്തെ ആക്രമിച്ച് അഞ്ചു പവന്റെ സ്വർണമാല കവർന്നു. ചങ്ങനാശേരി സ്വദേശിയായ ചാക്കോച്ചന്റെ (50) മാലയാണ് പൊട്ടിച്ചെടുത്തത്.
ഒരാഴ്ച മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. ഓൺലൈൻ കാർ വിൽപ്പന സൈറ്റിൽ ഇന്നോവ വിൽക്കാനുണ്ടെന്ന പരസ്യം കണ്ടാണ് ചാക്കോച്ചനും കുടുംബവും ബന്ധപ്പെട്ടത്. വിളിച്ചപ്പോൾ കുടുംബത്തോട് ഇന്നലെ പുതുപ്പള്ളിയിൽ എത്താൻ നിർദേശിക്കുകയായിരുന്നു.
പുതുപ്പള്ളിയിൽ എത്തിയപ്പോൾ
പുതുപ്പള്ളിയിൽ എത്തി ഫോണിൽ വിളിച്ചപ്പോൾ പല സ്ഥലങ്ങൾ മാറ്റി പറഞ്ഞ് ചാക്കോച്ചനെയും കുടുംബത്തെയും വഴി തെറ്റിച്ചു. ഏറ്റവും ഒടുവിൽ പുതുപ്പള്ളി പഞ്ചായത്ത് ഭാഗത്ത് എത്താൻ നിർദേശിച്ചു. അവിടെ എത്തിയ ചാക്കോച്ചനെയും കുടുംബത്തെയും ഇന്നോവ കാണിച്ചു തരാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേയ്ക്കു കയറ്റി തുടർന്ന് കുരുമുളക് സ്‌പ്രേ മുഖത്ത് അടിച്ച ശേഷം കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്തു. ഇവർ ബഹളം വച്ചതോടെ സംഘം വന്ന ചുവന്ന സ്വിഫ്റ്റ് കാറിൽ തന്നെ ഞാലിയാകുഴി ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു.
കേസ് രജിസ്റ്റർ ചെയ്തു
ചാക്കോച്ചൻ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്തെ സി.സി.ടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ചോദ്യങ്ങൾ ബാക്കി
സ്ഥലം മാറ്റി മാറ്റി പറഞ്ഞിട്ടും എന്തുകൊണ്ട് സംശയിച്ചില്ല
ഫോൺ നമ്പർ ഉണ്ടായിട്ടും പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞില്ല
പണം കൈവശപ്പെടുത്തിയതായി ചാക്കോച്ചൻ പറയുന്നില്ല.
മാല പൊട്ടിച്ചെടുക്കാൻ മാത്രമായിരുന്നോ വിളിച്ചു വരുത്തിയത്