paddy

അടിമാലി: ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക്ശേഷം കല്ലാർ പെട്ടിമുടി പാടശേഖരത്ത് വീണ്ടും കൃഷിയുടെ ദിനങ്ങൾ.സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയിൽ നെൽ കൃഷിയിറക്കുന്നത്.തരിശായി കിടന്നിരുന്ന പാടശേഖരത്ത് ഞാറ്റടിയിൽ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ, യു എൻ ഡി പി, പഞ്ചായത്ത്,കൃഷി വകുപ്പ് തുടങ്ങിയവയുടെ യോജിച്ച പ്രവർത്തനത്തിലൂടെയാണ് കൃഷിയിറക്കിയിട്ടുള്ളത്. കുറിയകൈമനാടനെന്ന നാടൻ വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്.കൃഷിക്കൊപ്പം ജൈവവൈവിധ്യ സംരക്ഷണവും വകുപ്പുകൾ ലക്ഷ്യമിടുന്നുണ്ട്. ജൈവരീതിയിലായിരിക്കും കൃഷി പരിപാലനം മുമ്പോട്ട് പോകുക. മന്നാൻ വിഭാഗക്കാരായ ആദിവാസി കുടുംബങ്ങൾ കൂട്ടുകൃഷിയായാണ് പാടശേഖരത്ത് ഞാറ് നട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്തംഗങ്ങളായ എം പി വർഗ്ഗീസ്,മഞ്ചു ബിജു, ശ്രീജ ജോർജ്, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളായ ഫെലിക്‌സ് തങ്കച്ചൻ, ഇ കെ ഷാജി, കാർത്തിക എസ്, ഊരു മൂപ്പൻ രാജൻ തുടങ്ങിയവർ ഞാറ് നടീൽ ചടങ്ങിൽ പങ്കെടുത്തു.