പാലാ : ജനഹിതമനുസരിച്ച് ജനക്ഷേമത്തിനായി സദ്ഭരണം കാഴ്ചവയ്ക്കുകയാണ് ഒരു ഭരണാധികാരിയുടെ യഥാർത്ഥ കടമയെന്ന മഹത്തായ സന്ദേശമാണ് രാമായണം മുന്നോട്ടു വയ്ക്കുന്നതെന്ന് ജോസ്.കെ. മാണി എം.പി പറഞ്ഞു. ആദി കാവ്യമായ രാമായണത്തിലെ ധാർമ്മിക ചിന്തകൾ ആധുനിക കാലത്തെ മുഴുവൻ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങൾ കൂടിയാണ്. എക്കാലവും ധർമ്മവും നീതിയും പുലർത്തിയ ഭരണാധികാരിയായ ശ്രീരാമന്റെ ജീവിതം ഇന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെയും കാവിൻ പുറത്തമ്മ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റേയും നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന ഓൺലൈൻ രാമായണ പ്രശ്‌നോത്തരി ഫൈനൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ ലക്ഷ്മി പ്രിയ തിടനാട്, മഞ്ജു ജഗദീഷ് കിഴതിരി, സുനിത ബാബുരാജ് എന്നിവർ യഥാക്രമം 1 മുതൽ 3 വരെ സ്ഥാനങ്ങൾ നേടി. വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ രവി പുലിയന്നൂർ, മത്സരത്തിന്റെ കോ-ഓർഡിനേറ്റർ ഡോ.ജിഷ്ണു.ജി.കർത്താ, ഡോ.വിഷ്ണു കുമ്പാനിമഠം തുടങ്ങിയവർ പ്രസംഗിച്ചു. കെ.ലക്ഷ്മിപ്രിയ, മഞ്ജു ജഗദീഷ്, സുനിത ബാബുരാജ് എന്നിവർ മറുപടി പ്രസംഗം നടത്തി. ദേവസ്വം ഭരണസമിതിയും വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് ടി.എൻ.സുകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ശശിധരൻ, ചന്ദ്രശേഖരൻ പുളിക്കൽ, ഭാസ്‌ക്കരൻ നായർ, വിക്രമൻ തെങ്ങുംപിള്ളിൽ, ജയചന്ദ്രൻ വരകപ്പിള്ളിൽ, ശിവദാസ് തുമ്പയിൽ, സുരേഷ് ലക്ഷ്മി നിവാസ്, വിജയകുമാർ ചിറയ്ക്കൽ, ബാബു പുന്നത്താനം, പ്രസന്നകുമാർ, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.