കട്ടപ്പന: അടിത്തറയും ഭിത്തികളും വിണ്ടുകീറിയതോടെ ഇരട്ടയാർ സർക്കാർ ആയുർവേദ ആശുപത്രി മന്ദിരം അപകടാവസ്ഥയിലായി. ഏതുനിമിഷവും നിലംപൊത്തിയേക്കാവുന്ന കെട്ടിടത്തിൽ നിന്നു ആശുപത്രി, പഞ്ചായത്ത് വക കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനമാരംഭിക്കും. ഒരാഴ്ചമുമ്പ് ഉണ്ടായ പേമാരിയിൽ അടിത്തറ ഇടിഞ്ഞുതാഴ്ന്നതോടെ കെട്ടിടത്തിൽ വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. ഭിത്തികൾ വിണ്ടുകീറി ഇഷ്ടികകളും ദൃശ്യമായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഉണ്ടായ ഭൂചലനത്തിലും കെട്ടിടത്തിനു കേടുപാട് സംഭവിച്ചിരുന്നു. പത്ത് വർഷം മുമ്പാണ് ആശുപത്രി കെട്ടിടം നിർമിച്ചത്. ദിനംപ്രതി നിരവധി പേർ ഇവിടെ ചികിത്സതേടി എത്തുന്നു.
കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിൽക്കണ്ട് മനസിലാക്കിയ ഇരട്ടയാർ പഞ്ചായത്ത് ഭരണസമിതി, ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. തുടർന്ന് ഇരട്ടയാറിലെ സാംസ്‌കാരിക നിലയത്തിനു സമീപത്തുള്ള പഞ്ചായത്തിനെറ കെട്ടിടത്തിലേക്കു മാറ്റാൻ തീരുമാനിച്ചു. നാളെ മുതൽ പുതിയ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനമാരംഭിക്കും. ഇവിടം ശുചീകരിച്ച് സാധനസാമഗ്രികൾ മാറ്റിത്തുടങ്ങി.