കുറവിലങ്ങാട് : വെള്ളക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ കോതനല്ലൂർ ജംഗ്ഷനിൽ പുതിയ ഓടയും, ഫുട് പാത്തും നിർമ്മിക്കാൻ നടപടി സ്വീകരിച്ചതായി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. മാഞ്ഞൂർ ജംഗ്ഷനിൽ മെയിൻ റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യും. ഒരു വശത്ത് സ്ലാബ് പൂർണ്ണമായും ഇട്ട് ഓടകൾ വൃത്തിയാക്കി ഫുട്പാത്ത് നിർമ്മിക്കും. മാഞ്ഞൂർ-മള്ളിയൂർ -മണ്ണാറപ്പാറ റോഡിൽ റെയിൽവേ മേൽപ്പാലം തുടങ്ങുന്ന ജംഗ്ഷനിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
വെള്ളക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ കുറുപ്പന്തറ പുളിന്തറ കവലയിൽ നടത്തുന്ന കലുങ്കിന്റെയും, ഓടയുടെയും നിർമ്മാണ പുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. കുറുപ്പുന്തറ പോസ്റ്റ് ഓഫീസ് ഭാഗത്ത് നിന്ന് താഴേക്ക് ഒഴുകി വരുന്ന മഴവെള്ളം റോഡിലും, പുരയിടങ്ങളിലും നിറഞ്ഞ് നിൽക്കുന്നത് മൂലം കഷ്ടപ്പെടുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിനായി കുറുപ്പന്തറയ്ക്കും, പുളിന്തറവളവിനും മദ്ധ്യത്തിലായി പുതിയ കലുങ്ക് കൂടി നിർമ്മിക്കും.
50 ലക്ഷം അനുവദിച്ചു
കാണക്കാരി ഗവ. സ്‌കൂളിന് മുന്നിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചു. കാണക്കാരി വെമ്പള്ളി മെയിൻ റോഡും, അമ്പലപ്പടി ആനമല അതിരമ്പുഴ റോഡും ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തിയതിന്റെ തുടർച്ചയായി കാണക്കാരി സെൻട്രൽ റോഡിലും, ബി.സി ഓവർലേ ചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിച്ചതായും എം.എൽ.എ വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം വികസനകാര്യങ്ങൾക്ക് തുടക്കം കുറിക്കും.