jilla

കോട്ടയം : ജില്ലയിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിപുലമായ ശ്രവ പരിശോധനാ സംവിധാനങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ശ്രവ പരിശോധനാ കിയോസ്‌ക്കുകൾ സ്ഥാപിക്കും. മാർക്കറ്റുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ശ്രവ പരിശോധന നടത്തുന്നതിന് മൊബൈൽ സംവിധാനം ഒരുക്കാൻ വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളും ക്രമീകരിക്കാനും തീരുമാനമായി. ഭരണസമിതിയംഗങ്ങൾക്കും ജില്ലാ പഞ്ചായത്ത് ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്തി. എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവാണ്.

യോഗത്തിൽ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലിൽ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മാഗി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.