ഇരുട്ടിൽ മുങ്ങി ഈരയിൽക്കടവ്

കോട്ടയം : പോസ്റ്റിൽ തട്ടി പോസ്റ്റായി ഈരയിൽക്കടവ് ബൈപാസിലെ വെളിച്ചം. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമ്മിച്ച ബൈപ്പാസാണ് നിർമ്മാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ഇരുട്ടിൽ കിടക്കുന്നത്. രണ്ടുമാസം മുൻപ് നഗരസഭ അംഗങ്ങൾ എട്ടര ലക്ഷത്തോളം രൂപ മുടക്കി മണിപ്പുഴ മുതൽ ഈരയിൽക്കടവ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ലൈൻ വലിയ്‌ക്കുന്ന ജോലികൾ വൈകുകയാണ്.

മാലിന്യം തള്ളൽ രൂക്ഷം

പ്രദേശം ഇരുട്ടിലായതോടെ മാലിന്യം തള്ളലും രൂക്ഷമായി. രാത്രികാലങ്ങളിൽ വാഹനങ്ങൾ റോഡരികിൽ നിറുത്തിയ ശേഷം മാലിന്യം തള്ളുകയാണ് പതിവ്. ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ച് തുടങ്ങിയതോടെയാണ് മുപ്പായിക്കാട് -കോടിമത റോഡിനു നടുവിൽ മാലിന്യംവഴിനീളെ വിതറുന്നത്. ഒരു ലോഡ് മാലിന്യമാണ് ഗതാഗതം തടസപ്പെടുത്തി റോഡിനു നടുവിൽ ഇട്ടത്.

അപകടവും ആവേശവും

രാത്രിയിൽ റോഡിൽ വെളിച്ചമില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്. റോഡിന്റെ വശങ്ങൾ കാണാനായി സ്ഥാപിച്ചിരിക്കുന്ന റെയിലിംഗുകൾ പലയിടത്തും വാഹനങ്ങൾ ഇടിച്ചു തകർന്നു. രാത്രിയിൽ റെയിലിംഗുകൾ തിളങ്ങുന്നതിനാൽ മാത്രമാണ് പലപ്പോഴും റോഡ് അറിയാൻ സാധിക്കുന്നത്.