കോട്ടയം: വടവാതൂർ എം.ആർ.എഫിൽ ഓരോ ദിവസവും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും ഉന്നത ഇടപെടൽ കാരണം ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. എം.ആർ.എഫിലെ തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചതോടെ വടവാതൂരിലെ കടകളും മറ്റു സ്ഥാപനങ്ങളും അടപ്പിച്ചു. എന്നാൽ ഫാക്ടറി പ്രവർത്തിക്കുകയാണ്. ജില്ലാ ഭരണകൂടവും വിവിധ രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തിൽ ഒത്തു കളിക്കുകയാണെന്നാണ് പരാതി.
ഇവിടെ ഇന്നലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . ഇതോടെ 65 പേർക്ക് രോഗമായി. കൊവിഡ് വ്യാപനത്തെ തുടർന്ന് കളക്ടർ എം.ആർ.എഫിനെ കൊവിഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ഉത്തരവാകുകയും ചെയ്തു. രണ്ടായിരത്തിലേറെ ജീവനക്കാരുള്ള കമ്പനിയിൽ കൊവിഡ് വർദ്ധിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു നടപടി. സ്ഥാപനത്തിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും കുറ്റമറ്റ ജാഗ്രതാ സംവിധാനം നടപ്പാക്കാനും ഡി.എം.ഒ അടിയന്തര നടപടി സ്വീകരിക്കണമെന്നും കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരിന് രണ്ടു ദിവസം മാത്രം അടച്ച ശേഷം ഉന്നത സമ്മർദ്ദത്താൽ ഫാക്ടറി ഇന്നലെ രാവിലെ തുറക്കുകയായിരുന്നു . കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക.
കോട്ടയം നഗരത്തിൽ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് ബാധിച്ചിട്ടും ഉന്നത ഇടപെടൽ കാരണം ആശുപത്രി അടച്ചില്ല. നെഗറ്റീവ് ആകും വരെ ഡോക്ടറെ താമസിപ്പിച്ചതും ആശുപത്രി മുറിയിലായിരുന്നു .അതേ സമയം ഒരു ഡോക്ടർക്കും ജീവനക്കാർക്കും കൊവിഡ് പോസിറ്റീവായതോടെ കോട്ടയം മെഡിക്കൽ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും ഗൈനക്കോളജി അടക്കം പല വാർഡുകളും അടക്കുകയും ഒ.പി നിർത്തുകയും ചെയ്തിരുന്നു.