കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കാൻ തീരുമാനമായി. ശാഖകളുടെ നേതൃത്വത്തിലാണ് ജയന്തി ആഘോഷിക്കുക.എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി 26ാം ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾ സെപ്തംബർ രണ്ടിന് നടക്കും. ചിങ്ങം ഒന്നു മുതൽ കന്നി അഞ്ചു വരെ എല്ലാ ദിവസവും ഗുരുദേവക്ഷേത്രത്തിൽ ദീപാരാധന. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ പേരും നക്ഷത്രവും നൽകുന്നവർക്ക് ഈ ദിവസങ്ങളിൽ ദീപാരാധന, ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി എന്നീ വഴിപാടുകൾ നടത്താൻ അവസരം ലഭിക്കും. ചതയ ദിനത്തിലും മഹാസമാധി ദിനത്തിലും ദീപാരാധനയും, വിശേഷാൽ പൂജയും ദീപാരാധനയും ചുറ്റുവിളക്കും ചതയപൂജയും പ്രത്യേക വഴിപാടായി നടത്താം. പൂജ വഴിപാടുകൾ നടത്താൻ ഭക്തർ ക്ഷേത്രത്തിൽ എത്തേണ്ടതില്ലെന്നു ഭാരവാഹികൾ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം പാമ്പാടി 265-ാം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാചരണം സെപ്തംബർ രണ്ടിന് നടക്കും. രണ്ടിന് രാവിലെ ഏഴിന് വിശേഷാൽ പൂജ, ഗുരുപൂജ. ഒൻപതിന് ഗുരുസ്‌മരണ, ഗുരുദേവ കൃതികളുടെ ആലാപനം. 10ന് വിദ്യാഭ്യാസ അവാർഡ് വിതരണം. എസ്.എസ്.എൽ.സി പ്ലസ്‌ടു സി.ബി.എസ്.ഇ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും സഹിതം നാളെ വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.