muncipality

ചങ്ങനാശേരി : നൂറിന്റെ നിറവിൽ ചങ്ങനാശേരി നഗരസഭ. ടൗൺ ഇപ്രൂവ്‌മെന്റ് കമ്മിറ്റി നഗരസഭാ കൗൺസിലായി ഉയർത്തിയിട്ട് നൂറ് വർഷം പിന്നിട്ടു. ശതാബ്ദി നിറവിൽ നഗരസഭ നിർമിച്ച പുതിയ കൗൺസിൽ ഹാളിൽ പ്രഥമ കൗൺസിൽ യോഗം ഇന്ന് രാവിലെ 11 ന് നടക്കും. കൊവിഡ് വ്യാപന സാഹചര്യത്തിൽ ആഘോഷങ്ങൾ ഇല്ല. കൊല്ലവർഷം 980 ൽ പട്ടണ പരിഷ്‌കരണ കമ്മിറ്റി എന്ന പേരിൽ 1912 സെപ്തംബർ 6 ന് ദിവാൻ ഭരണമാണ് പ്രാദേശിക ഭരണകൂടത്തിന് തുടക്കമിട്ടത്. പിന്നീട് എട്ടു വർഷത്തെ ഭരണത്തിന് ശേഷമാണ് ഇന്നത്തെ കൗൺസിലിന്റെ ആരംഭം. ടൗൺ ഇം പ്രൂവ്‌മെന്റ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് ഡോ.ജോർജ്ജ് ടിഫാനോസ് ആയിരുന്നു. ഒൻപത് കമ്മിറ്റിയംഗങ്ങളും, രണ്ട് പേർ സർക്കാർ ഉദ്യോഗസ്ഥരും, ശേഷിക്കുന്നവർ സർക്കാർ നോമിനികളും, ഇതിൽ തിരുവിതാംകൂർ രാജകുടുംബാംഗമായ ലക്ഷ്മിപുരം കൊട്ടാരത്തിലെ രാജരാജവർമകോയിത്തമ്പുരാനടക്കമുള്ള പ്രമുഖരായിരുന്നു അംഗങ്ങൾ.

അന്നത്തെ പ്രഥമ യോഗം ചങ്ങനാശേരി സർക്കാർ ആശുപത്രിയിലാണ് ചേർന്നത്. 8 വർഷത്തിന് ശേഷം നഗരസഭാ കൗൺസിൽ 1920 ആഗസ്റ്റ് 16 ന് പ്രഖ്യാപിക്കപ്പെട്ടു. മൂന്ന് വർഷമായിരുന്നു കാലാവധി. നഗരത്തെ 6 വാർഡുകളാക്കി. ഓരോ വാർഡിനും രണ്ട് വീതം പ്രതിനിധികൾ ഇതിന് പുറമേ തഹസിൽദാർ അടക്കമുള്ള സർക്കാർ നോമിനികൾ ആദ്യ കൗൺസിലിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപകൻ മന്നത്ത് പത്മനാഭനും ഉൾപ്പെട്ടു. 1921 ഡിസംബർ 17 ന് കൗൺസിൽ പ്രഥമ പ്രസിഡന്റായി ഫാ.ഡൊമനിക് തോട്ടാശേരി അധികാരത്തിൽ വന്നു. കമ്മിഷണർ നിയമനം നടന്നത് 1945 ഒക്ടോബർ 1 ന്. തുടർന്ന് 23 വാർഡുകൾ 25 ആക്കി ഉയർത്തി മൂന്ന് നോമിനികളെ കൂടെ കൂട്ടി 28 ആയി.

പ്രഥമ ആസ്ഥാനം പുഴവാതിൽ

നൂറ് വർഷം പിന്നിട്ട നഗരസഭാ കാര്യാലയത്തിന്റെ പ്രഥമആസ്ഥാനം പുഴവാതിൽ കാവിൽ ക്ഷേത്രത്തിന് സമീപത്തെ പൊതുമരാമത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ്. പിന്നീട് അങ്ങാടിയിൽ മെത്രോപ്പോലീത്തൻ പള്ളിയ്ക്ക് സമീപത്തെ യു.പി സ്‌കൂളിലേക്ക് മാറി. പിന്നീട് ഇന്ന് കാണുന്ന നഗരസഭാ മന്ദിരത്തിലായി.

നഗരപിതാക്കളായി ക്രൈസ്തവ പുരോഹിതരും

രണ്ട് ക്രൈസ്തവ പുരോഹിതർ നഗരപിതാക്കളായ നഗരസഭയുടെ ഇപ്പോഴത്തെ ചെയർമാൻ സാജൻ ഫ്രാൻസിസാണ്. രണ്ട് മുൻ എം.എൽ.എ മാരും ചെയർമാന്മാരായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ. ജി.എൻ നമ്പൂതിരിപ്പാടും, കേരള കോൺഗ്രസ് നേതാവായ കെ.ജെ.ചാക്കോയും. ആദ്യവനിതാ ചെയർപേഴ്‌സണായത് സി.പി.എം ജില്ലാ കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരനാണ്. മൂന്ന് വനിതകളാണ് ചെയർമാൻ പദവി അലങ്കരിച്ചത്.