വൈക്കം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന സ്ഥലം സി.പി.ഐ വിലയ്ക്ക് വാങ്ങി. പാർട്ടി സ്റ്റേറ്റ് സെന്റർ നേരിട്ടാണ് പതിനാറര സെന്റ് വാങ്ങിയത്.വൈക്കം ക്ഷേത്രത്തിന് അടുത്തുള്ള പറൂർ കുടുംബത്തിലാണ് കൃഷ്ണപിള്ള ജനിച്ചത്. 1927ൽ കൃഷ്ണപിള്ളയുടെ ഇരുപത്തിയൊന്നാം വയസ്സിലാണ് വീട് ഭാഗം വച്ചത്. പിന്നീട് സെന്റിന് പതിനഞ്ച് രൂപ നിരക്കിൽ വിറ്റു. പല കൈമറിഞ്ഞ സ്ഥലമാണ് ഇപ്പോഴത്തെ ഉടമകളായ കെ. എസ്. സുനീഷ്, കെ.എസ്. കണ്ണൻ, നന്ദിനി സോമൻ എന്നിവരിൽ നിന്ന് സി.പി.ഐ വാങ്ങിയത്.റഫറൻസ് ലൈബ്രറി അടക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം അനാവരണം ചെയ്യുന്ന സ്മാരകം സ്ഥാപിക്കാനാണ് ആലോചനയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. കൃഷ്ണപിള്ള അനുസ്മരണ ദിനമായ ഇന്ന് പതാക ഉയർത്തലും മറ്റും സംഘടിപ്പിക്കാൻ തീരുമാനിച്ചെങ്കിലും കണ്ടെയ്ൻമെന്റ് സോണായതിനാൽ മാറ്റിവച്ചു.സവർണ്ണമേധാവിത്വത്തിന്റെ സിരാകേന്ദ്രവും വൈക്കം സത്യഗ്രഹ സമരകാലത്ത് മഹാത്മാഗാന്ധിക്ക് പോലും പ്രവേശനം നിഷേധിക്കുകയും ചെയ്ത ഇണ്ടംതുരുത്തി മന സി.പി.ഐ നിയന്ത്രണത്തിലുള്ള വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സ്വന്തമാക്കിയിരുന്നു.കൃഷ്ണപിള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്‌കൂളിന്റെ (വൈക്കം വെസ്റ്റ് ഗവ. ഹൈസ്‌കൂൾ) പേര് കൃഷ്ണപിള്ള മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളെന്നാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.