പാലാ: കഥയല്ലിത്, സത്യം; മലയാളത്തിലെ കഥാകൃത്തുക്കൾ ഒത്തു ചേർന്ന് കഥയുടെ 'ഇ' ഇടം 'കഥയിടം' വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു.
കഥയെഴുതി അവതരിപ്പിക്കുന്നതിനും കേൾക്കുന്നതിനുമായി കഥകളുടെ ഇ വേദി ആയാണ് മലയാള കഥയിടം വാട്സ് ആപ്പ് ഗ്രൂപ്പ് എന്ന് പ്രമുഖ സാഹിത്യകാരനും എം.ജി. യൂണിവേഴ്‌സിറ്റി റിട്ട. രജിസ്ട്രാറുമായ പ്രൊഫ. എലിക്കുളം ജയകുമാർ പറഞ്ഞു. ഇദ്ദേഹമാണ് ഗ്രൂപ്പിന്റെ പ്രധാന അഡ്മിൻ. എലിക്കുളം ജയകുമാർ ചെയർമാനും, ജോബിൻ പൈക കൺവീനറുമായാണ് കഥയിടം പ്രവർത്തിക്കുന്നത്. മലയാള കഥയിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സാഹിത്യകാരൻ ബാബു കുഴിമറ്റം നിർവഹിച്ചു.
ഒമ്പതു ജില്ലകളിൽ നിന്നായി 130 കഥാകൃത്തുക്കൾ ഇപ്പോൾ കൂട്ടായ്മയിലുണ്ട്. കഥ എഴുതുന്നവരെയും ആസ്വദിക്കുന്നവരെയും കഥയെ പ്രോത്സാഹിപ്പിക്കുന്നവരെയുമാണ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയിട്ടുള്ളത്.
എഴുതി തുടങ്ങുന്നവർക്ക് കഥയിടത്തിൽ പ്രത്യേക പരിഗണന നൽകും.
ദിവസേനയുള്ള കഥയവതരണമാണ് ഗ്രൂപ്പിന്റെ ആകർഷണീയത. ഓരോരുത്തരും സ്വന്തം കഥകൾ വായിച്ച് ഓഡിയോ ആയും എഴുതിയും ഗ്രൂപ്പിലിടുന്നു. കൂടാതെ മാസത്തിൽ രണ്ടു തവണ കഥയരങ്ങും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഓഡിയോ ആയതിനാൽ വിശ്രമവേളകളിൽപ്പോലും കഥ കേട്ടു രസിക്കാമെന്നതാണ് സവിശേഷത.
കഥയിടത്തിന്റെ പ്രഥമ കഥയരങ്ങിൽ എലിക്കുളം ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ.ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. ഡോ.ആൻസി ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഡോ.എൻ രേഖ, രവി പുലിയന്നൂർ, ഡി. ശ്രീദേവി തുടങ്ങിയവർ കഥകൾ അവതരിപ്പിച്ചു.
ആഗസ്റ്റ് 27 ന് 'കഥയോണം' എന്ന പേരിൽ ഓണക്കഥകളുടെ അവതരണത്തിനായി ഒരുക്കങ്ങൾ നടന്നുവരുന്നു.
കഥയിടത്തിൽ ഏതൊരു കഥാകൃത്തിനും ചേരാം. അംഗമാകാൻ ആഗ്രഹിക്കുന്നവർ 9496116245ൽ വിളിച്ച് വാട്‌സ് ആപ്പ് നമ്പർ കൊടുത്താൽ മതി.
കഥാകൃത്തുക്കളായ ചന്തിരൂർ താഹ, സലിം മുല്ലശ്ശേരി, ഉല്ലലബാബു. രാധാകൃഷ്ണൻ കാര്യാകുളം, എരമല്ലുർ സനൽകുമാർ, പി.ആർ.രാമചന്ദ്രൻ ,സുരേന്ദ്രൻ എഴുപുന്ന, ഗീതാകൃഷ്ണൻ തിരുവനന്തപുരം, പ്രൊഫ. രഘുദേവ്, മുരുകൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിത്യ കഥാവതരണവും ആരംഭിച്ചിട്ടുണ്ട്.