കോട്ടയം: പേമാരി മാറി, വെള്ളവും ഇറങ്ങി. മഴപ്പേടി മാറിയെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ആശങ്ക കനക്കുകയാണ്.എലിപ്പനിയാണ് പുതിയ വില്ലൻ. വൃത്തിഹീനമായ അന്തരീക്ഷമാണ് എലിപ്പനി വ്യാപകമാകാൻ കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, കോട്ടയം നഗരസഭയിലെ ചിലവാർഡുകൾ എന്നിവിടങ്ങളിലാണ് എലിപ്പനി പടരുന്നത്.
പാടശേഖരങ്ങളിലേയും പുരയിടങ്ങളിലേയും വെള്ളക്കെട്ടുകൾ മാറാത്തതാണ് എലിപ്പനിക്ക് പ്രധാന കാരണം. മഴക്കാലപൂർവ ശുചീകരണം നടത്താൻ ആരോഗ്യവകുപ്പ് ഇതുവരെ മുന്നോട്ടു വന്നിട്ടില്ലായെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. ചെളിവെള്ളവും വെള്ളക്കെട്ടും രോഗം വ്യാപകമാക്കുകയാണ്. അതേസമയം, കോട്ടയം ജില്ലയിൽ വ്യാപിച്ചിരുന്ന ഡെങ്കിപ്പനിക്ക് ഇപ്പോൾ ശമനം ഉണ്ടായിട്ടുണ്ട്. ഉഴവൂർ, പാലാ, കുറവിലങ്ങാട്, മോനിപ്പള്ളി മേഖലകളിലായിരുന്നു ഡെങ്കിപ്പനി പടർന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് കൊതുക് നശീകരണം നടത്തിയതാണ് ഡെങ്കിപ്പനി കുറയാൻ പ്രധാന കാരണം. എങ്കിലും മഴ കുറഞ്ഞാൽ വീണ്ടും ഡെങ്കിപ്പനി തലയുയർത്തുമെന്ന് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.