ഈ സീസണിൽ ജനിച്ചത് 111 വരയാടിൻ കുഞ്ഞുങ്ങൾ
സന്ദർശന പാസ് നിരക്ക് ഇരട്ടിയാക്കി 250 രൂപ
കോട്ടയം: എഴുമാസത്തെ ഇടവേളക്ക് ശേഷം ഇരവികുളം ദേശീയോദ്യാനം തുറന്നു. ആദ്യദിനം മൂന്നാറിൽ നിന്നുള്ള ഏതാനും സന്ദർശകർ മാത്രമാണ് എത്തിയത്. കൊവിഡിന്റെ അതിരൂക്ഷത മാറിയാൽ വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് വനംവകുപ്പിന്റെ വിശ്വാസം. വരയാടുകളുടെ പ്രജനനത്തിനായി കഴിഞ്ഞ ജനുവരിയിലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി ഉദ്യാനം അടച്ചത്. മാർച്ച് 22ന് ഉദ്യാനം തുറക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് പടർന്നതോടെ മുൻകരുതൽ എന്ന നിലയിൽ ഉദ്യാനം തുറക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. 111 കുഞ്ഞുങ്ങളാണ് ഈ സീസണിൽ ജനിച്ചത്. സന്ദർശകരുടെ എണ്ണം കുറഞ്ഞതിനാൽ ഉദ്യാനത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 125ൽ നിന്ന് ഇരട്ടിയാക്കി.
രണ്ടുമാസം പ്രസവാവധി
വരയാടുകളെ കൺകുളിർക്കെ കാണാനാണ് ടൂറിസ്റ്റുകൾ ഇരവിക്കുളത്തേക്ക് എത്തുന്നത്. ഇരവികുളത്ത് എത്തുന്നതിൽ അധികവും വിദേശ ടൂറിസ്റ്റുകളും വടക്കേ ഇന്ത്യക്കാരുമാണ്. വരയാടുകളെ കാണാനെത്തുന്ന മലയാളികളുടെ എണ്ണം കുറവാണ്. ആളുകളുടെ ശബ്ദകോലാഹലങ്ങളിൽ പെടാതെ വരയാടുകളുടെ സുഖപ്രസവത്തിനും നവജാത കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കുമായി ജനുവരി മുതൽ രണ്ടു മാസക്കാലം ഉദ്യാനം അടച്ചിടും. 223 ആടുകളാണ് ആകെ ഉദ്യാനത്തിലുള്ളത്.
ഇരവികുളത്തേക്ക് ഒരു വർഷം ശരാശരി ആറു ലക്ഷത്തോളം ടൂറിസ്റ്റുകളാണ് എത്തിയിരുന്നത്. മഹാപ്രളയത്തെ തുടർന്ന് സന്ദർശകരുടെ എണ്ണത്തിൽ ഇടിവുണ്ടായി. ഇരവികുളത്തേക്കുള്ള ചെറിയപുഴ പാലം ഒലിച്ചുപോയതും മണ്ണിടിച്ചിൽ റോഡുകൾ നശിച്ചതും ടൂറിസ്റ്റുകളുടെ വരവിന് തടസ്സമായി. എന്നാൽ, കഴിഞ്ഞ വർഷം ടൂറിസ്റ്റുകളുടെ വരവിൽ വർദ്ധനയുണ്ടായിരുന്നു.
"കർശന പരിശോധനകൾക്ക് ശേഷമേ ഉദ്യാനത്തിലേക്ക് സന്ദർശകരെ കടത്തിവിടുകയുള്ളൂ. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവേശനം. വരയാടുകളെ കാണാനായി എത്തുന്നവരെ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിൽ പരിശോധിക്കും. താപനിലയായിരിക്കും പ്രധാനമായും പരിശോധിക്കുക."
ആർ.ലക്ഷ്മി
വാർഡൻ
ഇരവികുളം വൈൽഡ് ലൈഫ്
ഇരവികുളം കണ്ട ടൂറിസ്റ്റുകൾ
2017: 5,97,292
2018: 4,44,360
2019: 5,13,665