കോട്ടയം: ഓണമെത്തി, പൊലീസും എക്സൈസും രംഗത്തിറങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ നിലച്ചുപോയ പരിശോധനകൾ ഓണക്കാലത്ത് ശക്തമാക്കാനാണ് വിവിധ വകുപ്പുകളുടെ തീരുമാനം. മായം ചേർക്കൽ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് കടകളിൽ കയറിയിറങ്ങി പരിശോധന ആരംഭിച്ചു. പരിശോധന സെപ്തംബർ അഞ്ച് വരെ തുടരും.
മദ്യം ശേഖരിച്ചാൽ പിടിവീഴും
ഓണക്കാലത്ത് മദ്യദുരന്തം ഒഴിവാക്കുകയാണ് എക്സൈസിന്റെ ലക്ഷ്യം. വാറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് പ്രധാന പരിശോധന. ബിവറേജസിൽ നിന്നും ബാറുകളിൽ നിന്നും മദ്യം വാങ്ങി വില്പന നടത്തുന്നവരെയും പിടികൂടും. ഒന്നിച്ച് മദ്യം കിട്ടാൻ സാഹചര്യമില്ലാത്തതിനാൽ മറ്റ് പലരെയും ഉപയോഗിച്ച് മദ്യം വാങ്ങി സ്റ്റോക്ക് ചെയ്ത് വില്പന നടത്തുന്നവരെ കണ്ടെത്തും. അതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഓണത്തിന്റെ മറവിൽ മയക്കുമരുന്നുകൾ അയൽസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നവരെയും പിടികൂടും. കഞ്ചാവ് വിതരണം ചെയ്യുന്നവരെയും പിടികൂടി ജയിലിലടയ്ക്കാനാണ് എക്സൈസിന്റെ തീരുമാനം.
റോഡിൽ പൊലീസ്
കൊവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയ പരിശോധനകൾ പൊലീസ് പുനരാരംഭിക്കും. മദ്യലഹരിയിൽ വാഹനമോടിക്കുന്നവരെയും ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രം ഓടിക്കുന്നവരെയും പിടികൂടും. ഓണക്കാലത്ത് അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ട് ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുതലാണ്.
ചെക്ക്പോസ്റ്റുകളിൽ പരിശോധന
ഓണവിപണി ലക്ഷ്യമിട്ട് പലചരക്കു കടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ബേക്കറി എന്നിവിടങ്ങളിൽ വിൽപ്പനക്കെത്തിക്കുന്ന ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകൾ, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, പയറ്, പരിപ്പ്, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകളോടൊപ്പം ലേബൽ വിവരങ്ങൾ പൂർണമായിട്ടല്ലാത്ത ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.
ബേക്കറി ഉത്പ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, പാൽ, ഐസ്ക്രീം യൂണിറ്റുകൾ, പപ്പടം, വെളിച്ചെണ്ണ യൂണിറ്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ നിർമാണ കേന്ദ്രങ്ങളിലും പ്രത്യേക സ്ക്വാഡ് കർശന പരിശോധനകൾ നടത്തും. വൈകുന്നേരം മുതൽ പ്രവർത്തനം ആരംഭിക്കുന്ന തട്ടുകടകൾ, വഴിയോരക്കച്ചവടങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റ് എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. കോട്ടയം ജില്ലകളിലേക്ക് തമിഴ്നാട്ടിൽ നിന്നും വരുന്ന പാൽ, മീൻ, എണ്ണ, പച്ചക്കറികൾ എന്നിവ കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തിയ ശേഷമേ സംസ്ഥാനത്തേക്ക് കടത്തിവിടുകയുള്ളൂ.