കോട്ടയം: ടൂറിസം മേഖലയ്ക്ക് 455 കോടിയുടെ ഈടുരഹിത വായ്പാ സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിന്റെ പ്രതീക്ഷയിലാണ് കൊവിഡിൽ കനത്ത പ്രതിസന്ധിയിലായ കുമരകം ടൂറിസം. കൊവിഡിന് മുൻപെ തളർന്നു തുടങ്ങിയ കായൽ ടൂറിസം ആറുമാസമായി നിശ്ചലമാണ്. സഞ്ചാരികൾ ആരുമെത്തുന്നില്ല. റിസോർട്ടുകളും ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും അടഞ്ഞു. ഭൂരിപക്ഷം ജീവനക്കാരെയും മിക്ക റിസോർട്ടുകളും പറഞ്ഞുവിട്ടു.
25 റിസോർട്ടുകളാണ് കുമരകം മേഖലയിലുള്ളത്. ഇതിൽ പകുതിയും വൻകിട റിസോർട്ടുകളാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ചിട്ടുള്ള റിസോർട്ടുകളിൽ ആരും എത്തുന്നില്ല.രണ്ട് വൻകിട റിസോർട്ടുകൾ ക്വാറന്റൈൻ കേന്ദ്രങ്ങൾക്കായി വിട്ടുനൽകി.
വെള്ളമിറങ്ങി, അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങൾ
പ്രളയജലമിറങ്ങിയതോടെ റിസോർട്ടുകൾ ഇനി തുറക്കണമെക്കിൽ അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങൾ മുടക്കണം. നക്ഷത്ര റിസോർട്ടായ കുമരകം അവേദയിലെ അരയേക്കറിലധികം വരുന്ന സ്വിമ്മിംഗ് പൂളിൽ 16000 കരിമീൻ കുഞ്ഞുങ്ങളെ വളർത്തുകയാണിപ്പോൾ. മൂന്നു മാസത്തിനുള്ളിൽ 250 ഗ്രാം വരെ തൂക്കം പ്രതീക്ഷിക്കുന്ന കരിമീൻ വില്പനയിലൂടെ അല്പം വരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയാണെന്ന് ജനറൽ മാനേജർ ജ്യോതിഷ് സുരേന്ദ്രൻ പറഞ്ഞു.
ഹൗസ് ബോട്ട് മേഖല നിശ്ചലം
കുമരകത്ത് 85 ഹൗസ് ബോട്ടുകളാണുള്ളത്. നിരവധി ശിക്കാര ബോട്ടും മോട്ടോർ ബോട്ടുകളും വേറെയും. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ ഇവ കെട്ടിയിട്ടിരിക്കുകയാണ്. ഒരു മുറിയുള്ള ഹൗസ് ബോട്ടിന് ചെലവ് 35 ലക്ഷമാണ്. ഏഴ് മുറികളുള്ള ഹൗസ് ബോട്ടിന് ഒരു കോടി രൂപയിലേറെ ചെലവ് വരും. മിക്കവരും ബാങ്കുലോൺ എടുത്താണ് ഇത് നിർമ്മിച്ചത്. ഒരു ബോട്ടിൽ ശരാശരി മൂന്ന് ജോലിക്കാരാണുള്ളത്. ആകെ മുന്നൂറോളം ജീവനക്കാർ. ഹൗസ് ബോട്ടുകൾ ചലിക്കാതായതോടെ ജീവനക്കാർ കൂലിപ്പണിക്കും മറ്റു ജോലികൾക്കും പോയി തുടങ്ങി.
''മാസങ്ങളായി പ്രവർത്തിക്കാതിരിക്കുന്നതോടെ ഹൗസ് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി വേണം കായലിൽ ഇറക്കാൻ. ഈടില്ലാതെ സർക്കാർ വായ്പ തരുന്നത് ടൂറിസം മേഖലക്കി വലിയ സഹായമായിരിക്കും.
ഹണി ഗോപാൽ, ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി സെക്രട്ടറി