കോട്ടയം : ഈരയിൽക്കടവ് ബൈപ്പാസിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റിനെച്ചൊല്ലി രാഷ്‌ട്രീയ വിവാദം മുറുകുന്നു.
പോസ്റ്റ് സ്ഥാപിച്ചത് റോഡ് വികസനത്തെ ബാധിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ആരോപിക്കുമ്പോൾ പോസ്റ്റ് ഇളക്കി മാറ്റി റോഡിലെ വെളിച്ചം ഇല്ലാതാക്കാനാണ് എം.എൽ.എയുടെ ശ്രമമെന്ന് ഇടതുപക്ഷം തിരിച്ചടിച്ചു. വിവാദം കത്തി നിൽക്കുന്നതിനിടെ പോസ്റ്റ് മാറ്റിയിട്ട് റോഡ് വികസനം മുന്നോട്ട് കൊണ്ടുപോകാനും തിരുവഞ്ചൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഓണത്തിനുള്ളിൽ പോസ്റ്റ് റോഡിന്റെ കിഴക്കുവശത്തേയ്‌ക്ക് മാറ്റിയിടാനും, ഇരുവശങ്ങളിലും വാക്ക് വേ നിർമ്മിക്കാനും തീരുമാനമായി.
കോൺഗ്രസ് പറയുന്നത്
റോഡ് നിർമ്മിച്ചതും പൂർത്തിയാക്കുന്നതും എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ്. റോഡിൽ വെളിച്ചം എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതും, കെ.എസ്.ഇ.ബിയിൽ ഫണ്ട് അടച്ചതും നഗരസഭയാണ്. ഇതെല്ലാം തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്.
''വികസനത്തിനെതിരെ ഇപ്പോൾ നിലപാട് എടുക്കുന്നവർ ആദ്യഘട്ടം മുതൽ റോഡിനെ എതിർത്തവരാണ്. സൂക്ഷ്‌മാണുവിന്റെ പേരിൽ റോഡ് നിർമ്മിക്കുന്നതിനെ തടയാനാണ് ആദ്യഘട്ടത്തിൽ ഇവർ ശ്രമിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
വെളിച്ചം മുടക്കാനുള്ള ശ്രമം
എട്ടരലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ അടച്ചാണ് 52 പോസ്റ്റുകൾ സ്ഥാപിച്ചതെന്ന് കൗൺസിലർ അഡ്വ.ഷീജ അനിൽ പറഞ്ഞു. ഈരയിൽക്കടവ് റോഡിൽ മാലിന്യം തള്ളൽ രൂക്ഷമാണ്. ഇത് പ്രദേശത്തെ ജലസ്രോതസുകളെയും മലിനമാക്കുന്നു. ഈ സാഹചര്യത്തിലാണ് റോഡിൽ വെളിച്ചം സ്ഥാപിക്കാൻ പോസ്റ്റിട്ടത്. വീതികൂട്ടുമ്പോൾ പോസ്റ്റ് തടസമാകുമെന്ന വാദം ഉയർത്തി വെളിച്ചം മുടക്കാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് ഇവർ പറഞ്ഞു.