കോട്ടയം: വിപ്പ് പുറപ്പെടുവിക്കാനുള്ള അധികാരത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗത്തിലെ തമ്മിലടി മുറുകിയതിനൊപ്പം ആശയക്കുഴപ്പവുമേറുന്നു. റോഷി അഗസ്റ്റിനെ വിപ്പായി സ്പീക്കർ അംഗീകരിച്ചുള്ള സ്റ്റാറ്റസ്ക്കോ നിലനിൽക്കുന്നതിനാൽ റോഷിയുടെ വിപ്പിനാണ് അധികാരമെന്ന് ജോസ് ആവർത്തിക്കുമ്പോൾ 2019 നവംബർ ഒന്നിന് തന്നെ വിപ്പായി തിരഞ്ഞെടുത്തതായി സ്പീക്കർക്ക് കത്തു നൽകിയിരുന്നെന്ന് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും അവകാശപ്പെടുന്നു.
പാലാ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടി ചിഹ്നം അനുവദിച്ചതിനാൽ വിപ്പ് അധികാരവും തങ്ങൾക്കാണ്. അഞ്ച് എം.എൽ.എമാർ അടങ്ങുന്ന കേരള കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ചീഫ് ഇലക്‌ഷൻ ഏജന്റായ താന്റെ വിപ്പിനാണ് അംഗീകാരമെന്നും മോൻസ് പറയുന്നു. ഇരു വിഭാഗവും അഞ്ച് എം.എൽ.എമാർക്കായി രണ്ട് വിപ്പ് പുറപ്പെടുവിച്ചതോടെ ഒരു പാർട്ടിയിൽ നിന്ന് രണ്ട് വിപ്പെന്ന അസാധാരണ സംഭവത്തിനും 24ന് നിയമസഭ സാക്ഷ്യം വഹിക്കുകയാണ്.