കട്ടപ്പന: ഏലക്ക വാങ്ങി പണം കബളിപ്പിച്ചുവെന്ന ആരോപണത്തില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഏഴാംമൈല്‍ മോര്‍പ്പാളയില്‍ ഷിബുവിന്റെ കുടുംബം. ഇപ്പോള്‍ നല്‍കാനുള്ള മുഴുവന്‍ പണവും ഷിബുവിന്റെ പേരിലുള്ള വസ്തു വിറ്റ് കൊടുത്തുതീര്‍ക്കുമെന്ന് ഭാര്യ ഡയാന, ബന്ധുക്കളായ നോബിള്‍ സ്‌കറിയ, ജോസഫ് ജോസഫ് എന്നിവര്‍ പറഞ്ഞു. ഇതിനിടെ കാര്യം മനസിലാക്കാതെ ഡി.സി.സി. പ്രസിഡന്റ് നടത്തിയ പ്രസ്താവന കുടുംബത്തെ ഏറെ വേദനിപ്പിച്ചു. പണം നല്‍കാനുള്ളവരുമായി ഷിബുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി ധാരണയിലെത്തിയിട്ടുെണ്ടന്നും ഇവര്‍ പറഞ്ഞു. ഏലക്കാ വില ഇടിഞ്ഞതും കോവിഡ് മൂലം ഏലക്കാ അവധി വ്യാപാരം നിലച്ചതുമാണ് സാമ്പത്തിക ബാദ്ധ്യതയിലെത്തിച്ചത്. പണം കണ്ടെത്താനായി എറണാകുളത്തെ ബന്ധുവിനെ കാണാന്‍ പോയപ്പോള്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. ഇപ്പോള്‍ ഏതാനും ദിവസങ്ങളായി വീട്ടില്‍ പരിചരണത്തിലാണ്.
കൂടുതല്‍ തുക പറഞ്ഞ് ആളുകളില്‍ നിന്നു ഏലക്ക വാങ്ങിയെന്നുള്ള പ്രചരണം ശരിയല്ല. തങ്കമണി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നു വസ്തു ഈടുനല്‍കിയാണ് വായ്പയെടുത്തത്. പണം കിട്ടാനുള്ളവര്‍ പരാതിയുമായി സമീപിച്ചപ്പോഴാണ് സി.പി.എം. നേതൃത്വം വിഷയത്തില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചത്. ഇതിന്റെ പേരില്‍ നേതാക്കളെ അപമാനിക്കരുതെന്നും വിഷയം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യരുതെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.