പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും വീണ്ടും കൊവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ പ്രദേശവാസികൾ ആശങ്കയിൽ. അന്ത്യാളം,പാലാ വെള്ളഞ്ചൂർ,കൊല്ലപ്പള്ളി, കടയം മേഖലകളിലാണ് പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. കരൂർ പഞ്ചായത്തിലെ അന്ത്യാളത്ത് പ്രവർത്തിക്കുന്ന പാറമടയിൽ അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. 30 തൊഴിലാളികളാണ് പാറമടയിൽ പണിയെടുക്കുന്നത്. ആലപ്പുഴ തകഴി സ്വദേശിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ സ്രവപരിശോധനയുടെ ഫലം പോസിറ്റീവായിരുന്നു. തുടർന്ന് ഇന്നലെ വാഗമൺ സ്വദേശിയായ യുവാവിനും ഇടക്കോലി സ്വദേശിയായ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മേഖലയിൽ ആശങ്ക ഉയർന്നിരിക്കുന്നത്. പാറമടയിലെ തൊഴിലാളികൾക്കുണ്ടായ അസുഖബാധയെ തുടർന്ന് അന്ത്യാളത്തെ കടകൾ അടപ്പിച്ചെങ്കിലും പാറമടയുടെ പ്രവർത്തനം തുടർന്നത് വിവാദമായിരുന്നു. ഇവിടുത്തെ തൊഴിലാളികൾ സമീപത്തെ കടകളിലും മറ്റും പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാറമടയോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം. ജീവനക്കാർക്ക് ഉൾപ്പെടെ 40ഓളം പേർക്ക് ഇന്നും നാളെയുമായി സ്രവപരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നഗരസഭാ പരിധിയിലെ വെള്ളഞ്ചൂരിൽ 35കാരന് കൊവിഡ് സ്ഥിരീകരിച്ചു. മോനിപ്പള്ളിയിലെ ചികിത്സാ കേന്ദ്രത്തിൽ എത്തിയിരുന്ന യുവാവിന് അവിടെനിന്നാണ് രോഗം പകർന്നതെന്ന് കരുതുന്നു. ഈ സ്ഥാപനത്തിലെ 38 പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മോനിപ്പള്ളിയിൽ ചികിത്സയിലിരിക്കെ യുവാവിന് ആന്റിജൻ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞദിവസം പാലാ ജനറൽ ആശുപത്രിയിലെത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് ഫലം പോസീറ്റീവായത്. യുവാവിന് കൂട്ടിരുന്ന സഹോദരന്റെയും സ്രവം പരിശോധനക്കെടുത്തിട്ടുണ്ട്. പാലാ രാമപുരം റോഡിലുള്ള മദ്യാസക്തി ചികിത്സാ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ ചിലർക്ക് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം താത്കാലികമായി അടപ്പിച്ചു. മീനച്ചിൽ പഞ്ചായത്തിലെ കുറ്റില്ലം സ്വദേശിയായ തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനും (51) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം വീട്ടിലെത്തി ക്വോറന്റീനിൽ കഴിയവേ ചൊവ്വാഴ്ചയാണ് ഫലം പോസിറ്റീവായത്. ചട്ടങ്ങൾ പാലിച്ചാണ് ഇദ്ദേഹം വീട്ടിലിരുന്നത്. രോഗം പോസീറ്റീവായതോടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് പലപ്പോഴായി വീട്ടുസാധനങ്ങൾ വാങ്ങുന്നതിനും മറ്റും കടയം ഭാഗത്തെ കടകളിൽ പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കടകൾ താത്കാലികമായി അടപ്പിച്ചിട്ടുണ്ട്. ബന്ധുക്കൾ സഞ്ചരിച്ച ഓട്ടോ ഡ്രൈവർമാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവിടെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് അറിയിച്ചു. പൊലീസ് ക്യാമ്പിലെ പൊലീസുകാരനാണ് കൊല്ലപ്പള്ളിയിൽ രോഗം ബാധിച്ചത്. ഇദ്ദേഹം കഴിഞ്ഞദിവസങ്ങളിൽ കൊല്ലപള്ളിയിലെ ബന്ധുക്കളുടെ കടകളിൽ എത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ കൊല്ലപ്പള്ളി മേലുകാവ് റോഡിലുള്ള ഈ മൂന്ന് കടകളും ഇവയോട് ചേർന്നുള്ള ഒരു കടയും അടപ്പിച്ചിട്ടുണ്ട്.

കൂട്ടംകൂടുന്നത് വിലക്കി

പാലാ നഗരത്തിലും സമീപപ്രദേശങ്ങളിലും കൊവിഡ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചതോടെ പൊലീസ് കർശന നടപടികളാരംഭിച്ചു. കൂട്ടംകൂടുന്നത് കർശനമായി വിലക്കിയതായി പൊലീസ് അറിയിച്ചു. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക് നിയന്ത്രിക്കും. ബാങ്കുകളിലും സൂപ്പർ മാർക്കറ്റ്കളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തിന് നിയന്ത്രണവും വരുത്തിയിട്ടുണ്ട്.