പാലാ : പാലാ നഗരസഭ കൗൺസിലറും മുൻ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. ബിനു പുളിക്കക്കണ്ടം ഇന്ന് സി.പി.എമ്മിൽ ചേരും. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനിൽ നിന്ന് അംഗത്വം സ്വീകരിക്കും. കൊട്ടാരമറ്റത്തെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന സി.പി.എം നേതാക്കൾ പങ്കെടുക്കും. കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബിനു ബി.ജെ.പി വിട്ടത്.
തുടർന്ന് നഗരസഭയിലെ ഇടതുമുന്നണി കൗൺസിലർമാരുമായി ഒത്തുചേർന്ന് പ്രവർത്തിച്ചു പോന്ന ബിനുവിനെ ഇടതുമുന്നണിയിലെ പല കക്ഷികളും സ്വാഗതം ചെയ്തിരുന്നു. ഏതാനും മാസം മുമ്പ് സി.പി.എമ്മിന്റെ ഉന്നതനേതാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2005 ൽ പാലാ നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് കന്നിയങ്കം ജയിച്ചത്. 15 വർഷമായി കൗൺസിലറായി തുടരുകയാണ്. മുൻ ദേശീയ നീന്തൽതാരമായ ബിനു ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റും ഒളിമ്പിക് അസോസിയേഷൻ ജില്ലാ കൺവീനറുമാണ്. രാഷ്ട്രീയഭേദമെന്യേ വിവിധ കക്ഷികളിലെ നിരവധി നേതാക്കളും പ്രവർത്തകരുമായി ഏറെ അടുപ്പമുണ്ട്. അടുത്തു നടക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലേക്കുള്ള മത്സരത്തിൽ ഇടതു മുന്നണിയെ നയിക്കാനുള്ള പ്രാപ്തിയും കഴിവും ബിനുവിനുണ്ടെന്നാണ് സി.പി.എം കണക്ക് കൂട്ടൽ.