പാലാ: സിവിൽ സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയായ ശൗചാലയങ്ങൾ തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് പൗരസമിതി പ്രവർത്തകർ സത്യാഗ്രഹം നടത്തും. ശൗചാലയങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ട് ആറ് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തന സജ്ജമാക്കിയിട്ടില്ല. ശൗചാലയത്തിലേക്ക് വെള്ളമെത്താനുള്ള സൗകര്യം ഒരുക്കാത്തത് മൂലമാണ് തുറന്നുകൊടുക്കാൻ കാലംതാമസം നേരിടുന്നതെന്ന് ആരോപണമുണ്ട്. നഗരസഭയും വാട്ടർ അതോറിട്ടയും തമ്മിലുള്ള ആശയക്കുഴപ്പമാണ് കാലതാമസത്തിന് കാരണമെന്നും പൗരസമിതിക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. വെള്ളം ലഭ്യമാക്കേണ്ടത് വാട്ടർ അതോറിട്ടിയാണെന്ന് നഗരസഭയുടെ മറുപടിയിൽ പറയുന്നു.
48ലേറെ ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കാൻ നടപടിയെടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെയാണ് സമരപരിപാടിയിലേക്ക് കടക്കുന്നതെന്ന് പൗരസമിതിയോഗം അറിയിച്ചു. പി. പോത്തൻ, ജോണി പന്തപ്ലാക്കൽ, സേബി വെള്ളരിങ്ങാട്ട്, രാജു പുതുമന, ബേബി കീപ്പുറം, സോജൻ ഇല്ലിമൂട്ടിൽ, ജെയിംസ് ചാലിൽ, ജോയി ചാലിൽ എന്നിവർ പ്രസംഗിച്ചു.