ചങ്ങനാശേരി: പുതിയ കൗൺസിൽ ഹാളിൽ ചേർന്ന ആദ്യ യോഗത്തിൽ ചെയർമാനെതിരെ ഭരണ പ്രതിപക്ഷ ബഹളം. നഗരസഭ ശതാബ്ദി സ്മാരക കൗൺസിൽ ഹാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചേർന്ന് കൗൺസിൽ യോഗമാണ് ബഹളത്തിൽ മുങ്ങിയത്.കൗൺസിലിൽ ആലോചിക്കാതെ പുതിയ കൗൺസിൽ ഹാളിന് പേരിട്ടതും ചങ്ങനാശേരി നഗരസഭയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസമായി നഗരസഭ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്‌സ് അംഗങ്ങൾക്ക് വിതരണം ചെയ്യാത്തതും പ്രതിഷേധത്തിനിടയാക്കി. സ്റ്റിയറിങ് കമ്മിറ്റിയും സർവകക്ഷിയോഗവും വിളിച്ചു ചേർക്കാതെ ചങ്ങനാശേരി നഗരസഭയുടെ ചരിത്രം ഇടംപിടിക്കുന്ന ശതാബ്ദിയാഘോഷങ്ങൾ ചട്ടം ലംഘിച്ച് ഏകപക്ഷീയമായ തീരുമാനത്തോടെ നടപ്പാക്കാൻ ചെയർമാൻ സാജൻ ഫ്രാൻസിസ് ശ്രമിച്ചതായാണ് ആക്ഷേപം ഉയർന്നത്.
അതേസമയം നഗരസഭയിൽ കഴിഞ്ഞ കാലയളവുകളിൽ വൻ അഴിമതി നടന്നെന്നും ഇതിനു തെളിവുകളുണ്ടെന്നും ഇത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകുമെന്നും മറുപടി പ്രസംഗത്തിൽ സാജൻ ഫ്രാൻസിസ് പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും സാജൻ ഫ്രാൻസിസ് പറഞ്ഞു.