അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് സാദ്ധ്യത
കട്ടപ്പന: ആറുദിവസത്തിനിടെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കട്ടപ്പനയിൽ വീണ്ടും ആശങ്കയുടെ കാർമേഘം. 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ നഗരം മുഴുവൻ അടച്ചിടുന്നത് ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളുണ്ടാകാൻ സാദ്ധ്യത. കട്ടപ്പന നഗരസഭയും പൊലീസും അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് ബാധിതർ ജോലി ചെയ്യുന്ന നഗരത്തിലെ മൂന്നു സ്ഥാപനങ്ങളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവർ നിരവധിയാണ്. ഇതിനാൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കാനിടയുണ്ട്. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ 14ണ് ഇടുക്കിക്കവലയിലെ ഹോട്ടലിൽ ജോലി ചെയ്യുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇതേ ഹോട്ടലിലെ മറ്റു ജീവനക്കാരടക്കം ആറുപേർക്ക് രോഗം പിടിപെട്ടു. അടുത്തദിവസം നഗരത്തിലെ ആദായക്കടയിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. തുടർന്ന് കട്ടപ്പന നഗരസഭയിലെ 17, 20 വാർഡുകൾ ഉൾപ്പെടുന്ന ഇടുക്കിക്കവല ഭാഗം കണ്ടെയ്ൻമെന്റ് സോണാക്കി. ചേന്നാട്ടുമറ്റം ജംഗ്ഷൻ മുതൽ ഇടുക്കിക്കവല, സംഗീത ജംഗ്ഷൻ, വെയർഹൗസ് റോഡ്, ഇടുക്കിക്കവല ബൈപാസ് വരെയുള്ള ഭാഗത്താണ് നിയന്ത്രണം. കഴിഞ്ഞ 17ന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ് രണ്ടുദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. ആദായക്കടയിലെ ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ എട്ടുപേർക്കും രോഗം പിടിപെട്ടു.