covid

കോട്ടയം : ഒരു ദിവസം വടവാതൂർ എം.ആർ.എഫ് ഫാക്ടറിയുമായി ബന്ധപ്പെട്ട 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വിജയപുരം പഞ്ചായത്ത് കടുത്ത ആശങ്കയിൽ. ഫാക്ടറിയുമായി ബന്ധപ്പെട്ട എഴുപതോളം പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ വർദ്ധിച്ച സാഹചര്യത്തിൽ നേരത്തെ എം.ആർ.എഫിനെ ഇൻസ്റ്റിറ്റിയൂഷണൽ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ചൊവ്വാഴ്ച തൊഴിലാളികൾക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയത്. എന്നാൽ ഇതിന് ശേഷവും ഫാക്ടറി തുറന്ന് പ്രവർത്തിക്കുകയാണ്. ജാഗ്രതാ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന മുടന്തൻന്യായമാണ് ജില്ലാ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. പത്തിൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങളെയാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളായി കണക്കാക്കുന്നത്. രണ്ടായിരത്തോളം ജീവനക്കാരുള്ള ഫാക്ടറിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും ആരോഗ്യവകുപ്പ് പരിശോധന നടത്തിവരികയാണ്. ഇവർക്കെല്ലാം ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ കമ്പനി അടച്ചിട്ട് നടത്തേണ്ട അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. മറ്റു ജീവനക്കാർക്ക് കമ്പനിയുടെ ചെലവിൽ പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർ നിർദേശം നൽകി. സ്ഥാപനം പൂർണമായും അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കമ്പനി വിശദീകരിക്കുന്നത്. കമ്പനിയിൽ ദിവസവും നൂറുകണക്കിന് ലോറികളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത്.