കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയിലെ ഒ.പി, അത്യഹിത വിഭാഗങ്ങൾ ഇന്നും പ്രവർത്തിക്കില്ല. ആശുപത്രി പൂർണമായും അണുമുക്തമാക്കുന്നതിനാണ് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനായ കട്ടപ്പനയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരൻ ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തെ പരിചരിച്ച രണ്ട് നഴ്‌സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇന്നലെ ആശുപത്രി അടച്ചത്. ആശുപത്രിയിലെ 35 ജീവനക്കാരെയും മുഴുവൻ ഡോക്ടർമാരെയും നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിതൻ ചികിത്സയിലുണ്ടായിരുന്ന കഴിഞ്ഞ എട്ടുമുതൽ 13 വരെയുള്ള തീയതികളിൽ സഹകരണ ആശുപത്രിയിൽ എത്തിയവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. തങ്കമണി, ബഥേൽ സഹകരണ ആശുപത്രികളിലെ ജീവനക്കാരെ കട്ടപ്പനയിലെത്തിച്ച് നാളെ മുതൽ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റർ സജി തടത്തിൽ അറിയിച്ചു.