കോട്ടയം: യാക്കോബായ സഭയുടെ കോട്ടയം ജില്ലയിലെ പ്രധാനപള്ളിയായ തുരുവാർപ്പ് മർത്തശ്മുനി ദേവാലയം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സായുധ പൊലീസിന്റെ അകമ്പടിയോടെയെത്തിയ തഹസീൽദാർ പള്ളി ഏറ്റെടുത്തത്. അവിടെ താമസിച്ചിരുന്ന തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലിത്തയെ അറസ്റ്റ് ചെയ്ത് മാറ്റി. ഹൈക്കോടതി വിധിയെ തുടർന്നാണ് പള്ളി തഹസീൽദാർ ഏറ്റെടുത്തത്.
കഴിഞ്ഞദിവസം തഹസീൽദാർ സ്ഥലത്തെത്തി വിവരം മെത്രാപ്പോലിത്തയേയും ഭരണസമിതിയെയും അറിയിച്ചിരുന്നു. എന്നാൽ പള്ളി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കി. രണ്ടു ദിവസത്തിനകം പള്ളി വിട്ടുകൊടുക്കണമെന്നായിരുന്നു തഹസീൽദാർ അറിയിച്ചത്. ഇന്നലെ വൈകുന്നേരം സമയം തീരുമെന്ന് അറിയിച്ചെങ്കിലും വിശ്വാസികളെ കൂട്ടി ചെറുത്തുനില്പിന് തയാറാവുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം വീണ്ടും തഹസീൽദാർ എത്തി ആവശ്യം ഒന്നുകൂടി ആവർത്തിച്ചെങ്കിലും അവർ നിലപാടിൽ ഉറച്ചുനില്ക്കുകയായിരുന്നു. തുടർന്ന് തഹസീൽദാർ തിരികെ പോന്നെങ്കിലും ഇന്ന് പുലർച്ചെ എത്തി പള്ളി ഏറ്റെടുക്കുകയായിരുന്നു. അധികം വിശ്വാസികൾ സ്ഥലത്തില്ലാതിരുന്നതിനാൽ സംഘർഷത്തിലേക്ക് നീങ്ങിയില്ല.
പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് മെത്രാപ്പോലിത്ത താമസിച്ചുവന്നിരുന്നത്. എട്ടു വർഷത്തിലധികമായി മെത്രാപ്പോലിത്ത താമസിച്ചിരുന്നത് ഇവിടെയാണ്.
പളളി ഏറ്റെടുക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ തിരുവാർപ്പ് പള്ളിയിലേക്ക് വിശ്വാസികൾ കൂട്ടത്തോടെ എത്തിക്കൊണ്ടിരുന്നു. ഇന്നലെ തന്നെ പള്ളി ഏറ്റെടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നതെങ്കിലും സംഘർഷം ഉണ്ടാവുമെന്ന് ഉറപ്പായതോടെ തഹസീൽദാരും കൂട്ടരും മടങ്ങുകയായിരുന്നു. തുടർന്നാണ് ആരും അറിയാതെ പുലർച്ചെ എത്തി പള്ളി ഏറ്റെടുത്തത്.