കോട്ടയം: ഓണക്കാലത്ത് കടകളിലും വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും തിക്കും തിരക്കും ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം. ഓണക്കോടി എടുക്കണമെങ്കിൽ ചില നിബന്ധനകൾ ജനങ്ങളും വിൽക്കണമെങ്കിൽ കടയുടമകളും പാലിക്കണം. കടകൾക്ക് നൽകിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ നടപടിയെടുക്കും. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ടീമിനെ നിയോഗിക്കും. കൊവിഡ് വ്യാപനം തടയാനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം ജനങ്ങൾക്കുണ്ടാവാൻ ഇടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ശ്രദ്ധിക്കും. വഴിയോര കച്ചവടക്കാർക്ക് പ്രത്യേക ഫീസ് വാങ്ങാതെ താൽക്കാലികമായി രജിസ്ട്രേഷൻ ചെയ്ത് ഐഡന്റിറ്റി കാർഡുകൾ സൗജന്യമായി അനുവദിക്കും.
പനിയുണ്ടേൽ വീട്ടിലിരിക്കാം
തുണിക്കടകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ജ്വല്ലറികൾ, ബേക്കറികൾ, ഹോട്ടലുകൾ, ചെരുപ്പുകടകൾ, മൊബൈൽ ഷോപ്പുകൾ, മത്സ്യ-മാംസ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ ശരീര താപനില സാധാരണ നിലയിലുള്ളവരെ മാത്രമേ കടത്തിവിടാവൂ. കൂടാതെ 500ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും 5 ജീവനക്കാരിൽ കൂടുതലുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും തെർമൽ സ്കാനിംഗ് സംവിധാനം ഏർപ്പെടുത്തണം. കടയിൽ എത്തുന്നവരുടെ പേര്, ഫോൺ നമ്പർ, സന്ദർശിച്ച സമയം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. സ്ഥാപനങ്ങളിൽ വരുന്നവർക്ക് ഫുട് ഓപ്പറേറ്റഡ് സാനിറ്റൈസർ ലഭ്യമാക്കണം. തുണിക്കടകളിൽ വസ്ത്രങ്ങൾ കൈകൊണ്ട് തൊട്ട് പരിശോധിക്കാനോ, ധരിച്ച് നോക്കാനോ വസ്ത്രങ്ങൾ വിറ്റത് തിരികെ വാങ്ങാനോ പാടില്ല. ഈ വിവരങ്ങൾ കടകളുടെ ഉള്ളിലും പുറത്തും എഴുതി പ്രദർശിപ്പിക്കണം. പരമാവധി ഹോം ഡെലിവറി സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഡിജിറ്റൽ മാർഗ്ഗത്തിലൂടെ പണം വാങ്ങാൻ ശ്രമിക്കണം. ഭക്ഷ്യശാലകളിൽ പരിസ്ഥിതി സൗഹൃദമായ ഡിസ്പോസിബിൾ ഗ്ലാസ്സുകളും പാത്രങ്ങളും ഉപയോഗിക്കണം.
കടയുടമകൾക്കുള്ള നിർദ്ദേശങ്ങൾ