ചരിത്രപ്രസിദ്ധമായ നടതുറക്കൽ 7ന്
ചടങ്ങുകൾ ഓൺലൈനിൽ വീക്ഷിക്കാൻ സംവിധാനം
കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ പരിശുദ്ധ ദേവമാതാവിന്റെ ജനനപ്പെരുന്നാൾ പ്രാർത്ഥനയോടും നോയമ്പോടും കൂടി സെപ്തംബർ ഒന്നു മുതൽ എട്ടുവരെ തീയതികളിൽ ആഘോഷിക്കും. ലക്ഷക്കണക്കിന് വിശ്വാസികൾ നോമ്പും ഉപവാസവും എടുത്ത് എത്തിയിരുന്ന മണർകാട് പള്ളിയിൽ ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും തിരുന്നാൾ ആഘോഷിക്കുക. വിശ്വാസികൾ വീടുകളിൽ ഇരുന്നു ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടി നോമ്പാചരണത്തിൽ ഭക്തിപൂർവം പെരുന്നാളിൽ പങ്കെടുക്കണമെന്ന് കത്തീഡ്രൽ വികാരി ഇ.ടി കുര്യാക്കോസ് കോറെപ്പിസ്കോപ്പ ജട്ട്യാടത്ത് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ദൃശ്യമാധ്യമങ്ങൾ വഴി പള്ളിയിൽ നടക്കുന്ന ചടങ്ങുകളുടെ തത്സംപ്രേഷണം ഓൺലൈനായി വീക്ഷിക്കാൻ സാധിക്കുമെന്നും കോറെപ്പിസ്കോപ്പ അറിയിച്ചു.
തിരുന്നാളിന്റെ ആദ്യ ദിനമായ ഒന്നിന് വൈകിട്ട് നാലിന് പള്ളിമുറ്റത്ത് കൊടിമരം ഉയർത്തും. ഒന്നു മുതൽ എട്ടു വരെ തീയതികളിൽ രാവിലെ 6.30ന് വിശുദ്ധ കുർബാനയും ഒന്നു മുതൽ അഞ്ചുവരെ തീയതികളിൽ രാവിലെ 11ന് പ്രസംഗവും ഉച്ചകഴിഞ്ഞ് 2.30ന് ധ്യാനവും ഉണ്ടായിരിക്കും. കത്തീഡ്രൽ ദേവാലയത്തിൽ ഒന്നു മുതൽ എട്ടു വരെ ദിവസങ്ങളിൽ രാവിലെ 8ന് പ്രഭാത പ്രാർത്ഥനയും 9ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. കത്തീഡ്രൽ പള്ളിയിൽ കുർബാനക്ക് ശേഷമുള്ള സമയങ്ങളിൽ കൊവിഡ് നിബന്ധനകൾ പാലിച്ച് വിശ്വാസികൾക്ക് പ്രാർത്ഥിച്ച് വന്നുപോവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാളിന്റെ ഒന്നാം ദിവസമായ ഒന്നാം തീയതി രാവിലെ 9ന് മൂന്നിന്മേൽ കുർബാന എപ്പിസ്കോപ്പൽ സൂന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലിത്തയുമായ ഡോ.തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഏഴിന് രാവിലെ 11ന് പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം ചരിത്ര പ്രസിദ്ധമായ നടതുറക്കൽ ചടങ്ങ് നടക്കും. വർഷത്തിൽ ഒരിക്കൽ മാതാവിന്റെ പ്രത്യേക ഛായാചിത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്ന ചടങ്ങാണ് നടതുറക്കൽ. എട്ടാം തീയതി കുർബാന, റാസ, നേർച്ച വിളമ്പ് എന്നിയവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ാം തീയതി സന്ധ്യാ പ്രാർത്ഥനയോടെ നട അടയ്ക്കും.