മുണ്ടക്കയം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. പ്രധാനപാതകളിലടക്കം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. രോഗം കണ്ടെത്തിയ മേഖലകളിലും ടൗണിന്റെ ചില ഭാഗങ്ങളിലും അണുനശീകരണം നടത്തും.ബോധവത്ക്കരണത്തിന്റെ ഭാഗമായി വാർഡുകളിൽ മൈക്ക് പ്രചരണം നടത്താനും സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു. യോഗതീരുമാനം അനുസരിച്ച് ഇന്ന് മുതൽ ചൊവ്വാഴ്ച വരെ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മുണ്ടക്കയം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ആർ.സി.നായർ അറിയിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 6,8 വാർഡുകളിൽ രോഗം സ്ഥിരീകരിച്ചതോടെ മുണ്ടക്കയം കോരൂത്തോട് റോഡുമായി ബന്ധപ്പെട്ട ചെറുപാതകളെല്ലാം നേരത്തേ അടച്ചിരുന്നു.വണ്ടൻപതാൽ വഴിയുള്ള വാഹനഗതാഗതം പൂർണമായും തടഞ്ഞു. അത്യാവശ്യമുള്ള യാത്രക്കാരെ വരിക്കാനി വഴി പോകാൻ അനുവദിക്കും. പുഞ്ചവയൽ വഴിയും പശ്ചിമകോസടി റോഡിലൂടെയുമാണ് കോരൂത്തോടിന് പോകുന്നത്. ചെറുവാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ വണ്ടൻപതാൽ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് അടച്ചു. രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി ആന്റിജൻ പരിശോധന നടത്തുന്നതിനും സർവകക്ഷിയോഗത്തിൽ തീരുമാനമായി. ആശാവർക്കർമാരുടെ സേവനം എല്ലാ വാർഡിലും ഉറപ്പാക്കും.