karikandam

ചാലച്ചിറ കരിക്കണ്ടം പാടത്ത് താമസമാക്കിയ കുടുംബങ്ങൾ ദുരിതത്തിൽ

ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഇത്തിത്താനം ചാലച്ചിറ കരിക്കണ്ടം പാടത്ത് താമസമാക്കിയ കുടുംബങ്ങളുടെ ദുരിതം വർഷാവർഷം ഏറിവരികയാണ്. കനത്തമഴയിൽ വെള്ളം പൊങ്ങിയാൽ ഇവരുടെ ജീവിതം ദുരിതങ്ങളുടെ നടുവിലാകും. നുള്ളിപ്പെറുക്കിയുണ്ടാക്കിയ സമ്പാദ്യം മുടക്കിയാണ് മൂന്നുപതിറ്റാണ്ടായി കൃഷിയില്ലാതെ കിടക്കുന്ന പാടശേഖരത്ത് ഇവർ ഒരുതുണ്ട് ഭൂമി സ്വന്തമാക്കിയത്. അതിൽ കെട്ടിപ്പൊക്കിയുണ്ടാക്കിയ ജീവിതത്തിലേക്ക് നല്ലൊരു വഴി കണ്ടെത്താൻ പോലും ഇവർക്കായിട്ടില്ല. പ്രദേശത്തെ വീടുകളിലേക്ക് എത്താൻ രണ്ടുഭാഗത്തുനിന്നുള്ള വഴികളുണ്ട്. ഒന്ന് ചാക്കരിമുക്കിന് സമീപം വി.സി.എം കപ്പാമൂട്ടിൽ റോഡ്. റോഡിന്റെ മുക്കാൽ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗം കൂടി കോൺക്രീറ്റ് ചെയ്ത് ബണ്ട് കെട്ടിപ്പൊക്കിയാൽ ഇവരുടെ വീട്ടിലേക്കെത്താൻ കഴിയും. മറ്റൊരു മാർഗ്ഗം ചാലച്ചിറ തോടിന് സമീപമുള്ള ഇത്തിത്താനം ദേവീക്ഷേത്രം വക ആറാട്ടുകുളത്തിലേക്കുള്ള റോഡാണ്. വർഷകാലത്ത് ഈ റോഡിലാകട്ടെ ഒരാൾ പൊക്കത്തിൽ ജലനിരപ്പുയരും. ഇവിടെ ബണ്ട് കെട്ടി മണ്ണിട്ട് പൊക്കിയാൽ ഇവരുടെ വീടുകളിലേക്ക് ചെന്നെത്താം. പക്ഷേ രണ്ട് റോഡുകളുടെയും കാര്യത്തിൽ നടപടികൾ എങ്ങുമെത്തിയിട്ടില്ല.

എന്ന് തീരും ദുരിതം

കൃഷി ചെയ്യാതെ കിടക്കുന്ന പാടത്ത് ഇഴജന്തുക്കളുടെ ശല്യവും വർദ്ധിക്കുകയാണ്. ഇതോടെ രാത്രികാല യാത്ര ദുഷ്‌കരമാണ്. പ്രദേശത്ത് വൈദ്യുതി മുടക്കവും പതിവാണ്. വൈദ്യുതി ഇല്ലാത്തത് കുട്ടികളുടെ ഓൺലൈൻ പഠനത്തെയും ബാധിക്കുന്നു. പതിനാലോളം കുടുംബങ്ങളാണ് വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. രണ്ടു വഴികളിൽ ഏതെങ്കിലും ഒരു വഴി ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് ത്രിതലപഞ്ചായത്ത് അധികൃതരോ എം.എൽ.എയോ എം.പിയോ ഫണ്ട് അനുവദിക്കണം. വെള്ളക്കയത്തിൽ നിന്നും ഈ കുടുംബങ്ങളുടെ ജീവിതം കരയ്‌ക്കെത്തിക്കണം.

ഇത്തിത്താനം വികസനസമിതി ഭാരവാഹികൾ