flower

കോട്ടയം : കേരളത്തിലെ നാടൻ പൂക്കൾ കൊണ്ട് ഇത്തവണ ഓണ പൂക്കളം തീർക്കാനാവുമോ. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കൾ വാങ്ങരുതെന്നും ഇത് കൊവിഡ് വ്യാപനത്തിന് സാദ്ധ്യത കൂട്ടുമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം യാഥാർത്ഥ്യമാകുമോ? പൂക്കളം തീർക്കുന്നതിൽ പ്രധാനമായും ഉപയോഗിക്കുന്നത് ജമന്തി, അരളി പൂക്കളാണ്. ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് വലിയതോതിൽ പൂക്കളാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. ആന്തൂറിയവും ബൊൺസായിയും വളർത്താൻ കാട്ടുന്ന താത്പര്യം വീടുകളിൽ നാടൻ പൂക്കൾ വളർത്താൻ ആരും കാട്ടുന്നില്ല. മുറ്റം തൂക്കുന്ന ജോലി ഒഴിവാക്കാൻ ടൈൽസ് പാകിയതോടെ ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, മുല്ല തുടങ്ങിയ പൂക്കളും തുളസിയും വരെ വീട്ടുമുറ്റത്ത് നിന്ന് അന്യമായി. കാടില്ലാത്തതിനാൽ കാട്ടുപൂവുമില്ല. തൊടികളില്ലാത്തതിനാൽ തുമ്പപ്പൂവ് പോലും ഇല്ലാതായി. പിന്നെ ഏത് പൂവ് കൊണ്ട് പൂക്കളം തീർക്കും? നാടൻ പൂക്കൾ കൊണ്ട് കളം നിറയുമോ. സ്കൂളും കോളേജും അടഞ്ഞു കിടക്കുന്നതിനാൽ അവിടെ പൂക്കളം തീർക്കേണ്ട. ഓഫീസുകളിലും പൂക്കളമിടാൻ അനുവാദമില്ല. അതിനാൽ പൂവില്ലെങ്കിലും ഇലയെങ്കിലുമിട്ട് പൂക്കളം തീർക്കാം പക്ഷേ പൂക്കളമെന്ന് വിളിക്കാനാവില്ലെന്ന് മാത്രം.

വിലക്കിന് കാരണം

പൂക്കൾ അവിടെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പറയാനാവില്ല

മറ്റ് വസ്തുക്കൾ പോലെ അണുപരിശോധന നടത്താനാവില്ല

കഴുകി ഉപയോഗിക്കാൻ കഴിയില്ല

വൈറസ് പൂക്കളിലുണ്ടെങ്കിൽ പടരാൻ ഇടയാക്കും

മുഖ്യമന്ത്രിയുടെ നിർദ്ദേശം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നാട്ടിൽ പൂക്കളില്ല. പിന്നെങ്ങനെ വിൽക്കും. ഓണക്കാലത്താണ് അല്പം കച്ചവടം നടക്കറുള്ളത്. കൊവിഡിന്റെ പേരിൽ ഇതും നഷ്ടമാകും.

ഓൾ കേരള ഫ്ലവർ മർച്ചന്റ്സ് അസോസിയേഷൻ